ദുബായ്: വിവിധ രാജ്യങ്ങളില്‍ നിന്ന് യുഎഇയില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കര്‍ശന നിരീക്ഷണവും പരിശോധനയും ഏര്‍പ്പെടുത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ യുഎഇയിലേക്ക് തിരികെ കൊണ്ടുവരാനുള്ള സര്‍വീസുകള്‍ തുടങ്ങാനിരിക്കെയാണ് വ്യാഴാഴ്ച  എമിറേറ്റ്സ് ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയിച്ചത്.

വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്നവരില്‍ നിന്ന് കൊവിഡ് വൈറസ് വ്യാപനം ഉണ്ടാവുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് നടപടികള്‍. വിമാനത്താവളത്തിലെത്തിയ ഉടന്‍ ദുബായ് ഹെല്‍ത്ത് അതോരിറ്റിയുടെ നിര്‍ബന്ധിത ആരോഗ്യ പരിശോധനയ്ക്ക് വിധേയമാകണം. ഇതിന് ശേഷം 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനുണ്ടാകും. ഇതും പൂര്‍ത്തിയാക്കിയ ശേഷം ഒരു തവണ കൂടി പരിശോധന നടത്തിയിട്ടേ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നിന്ന് പുറത്ത് വിടുകയുള്ളൂ. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ കീഴില്‍ പതിനാലോളം ഹോട്ടലുകളും ദുബായ് ഹെല്‍ത്ത് അതോരിറ്റിയുടെ കീഴില്‍ നാല് ഹോട്ടലുകളും ഐസൊലേഷന്‍, ക്വാറന്റൈന്‍ കേന്ദ്രങ്ങളായി ഉപയോഗിച്ചുവരികയാണ്.

മേയ് 21 മുതല്‍ ഒന്‍പത് നഗരങ്ങളില്‍ നിന്ന് സര്‍വീസ് തുടങ്ങുമെന്നാണ് എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്. ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട്, പാരിസ്, മിലാന്‍, മാഡ്രിഡ്, ഷിക്കാഗോ, ടൊറണ്ടോ, സിഡ്നി, മെല്‍ബണ്‍ എന്നിവിടങ്ങില്‍ നിന്നായിരിക്കും പ്രവാസികള്‍ക്ക് മടങ്ങാനുള്ള  അവസരം. രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി യാത്രക്കാര്‍ തന്നെ യുഎഇ വിദേശകാര്യ മന്ത്രലായത്തില്‍ നിന്ന് നേടിയിരിക്കണം. എല്ലാവരും ഫേസ്‍ മാസ്കുകളും ഗ്ലൌസുകളും ധരിക്കുകയും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ പാലിക്കുകയും വേണമെന്നും അറിയിച്ചിട്ടുണ്ട്.