Asianet News MalayalamAsianet News Malayalam

അബുദാബിയില്‍ സ്‍കൂളുകള്‍ തുറക്കുമ്പോള്‍ രണ്ടാഴ്‍ചയിലൊരിക്കല്‍ പി.സി.ആര്‍ പരിശോധന നടത്തണം

സ്‍കുളില്‍ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്നോടിയായി അധികൃതര്‍ പുറത്തിറക്കിയ പേരന്റ്സ് ഗൈഡിലാണ് പുതിയ നിബന്ധനകള്‍ വിശദമാക്കിയിരിക്കുന്നത്. 

students must take PCR test every two weeks to return to school in Abu dhabi
Author
Abu Dhabi - United Arab Emirates, First Published Aug 15, 2021, 11:04 PM IST

അബുദാബി: സ്‍കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുമ്പോള്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രണ്ടാഴ്‍ചയിലൊരിക്കല്‍ പി.സി.ആര്‍ പരിശോധന നടത്തണം. 12 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്‍കൂളുകളില്‍ പ്രവേശിക്കാന്‍ പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാക്കും. അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ് നോളജാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

സ്‍കുളില്‍ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്നോടിയായി അധികൃതര്‍ പുറത്തിറക്കിയ പേരന്റ്സ് ഗൈഡിലാണ് പുതിയ നിബന്ധനകള്‍ വിശദമാക്കിയിരിക്കുന്നത്. സ്‍കൂളുകളില്‍ കുട്ടികളെ സ്വീകരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അവരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 12 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികളും രണ്ടാഴ്‍ചയിലൊരിക്കല്‍ പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് ഫലം ഹാജരാക്കണം. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഇതില്‍ ഇളവ് ലഭിക്കും.

സ്‍കൂള്‍ അധികൃതരുമായി രക്ഷിതാക്കള്‍ ആശയ വിനിമയം നടത്തുകയും കൃത്യസമയത്ത് തന്നെ കുട്ടികളുടെ പി.സി.ആര്‍ പരിശോധന നടത്തുകയും വേണമെന്ന് നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. 16 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ വാക്സിന്‍ സ്വീകരിച്ചാല്‍ മാത്രമേ സ്കൂളുകളില്‍ പ്രവേശനം അനുവദിക്കൂ. വാക്സിനെടുക്കുന്നതില്‍ ഇളവ് ലഭിച്ചിട്ടുള്ളവര്‍ക്ക് പ്രവേശനം ലഭിക്കും. അല്‍ ഹുസ്‍ന്‍ ആപ് വഴിയായിരിക്കും വാക്സിനേഷന്‍ നില പരിശോധിക്കുക. ഇളവുകളുണ്ടെങ്കില്‍ അത് അല്‍ ഹുസ്‍ന്‍ ആപിലോ അല്ലെങ്കില്‍ അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനിയുടെയോ എമിറേറ്റിലെ അംഗീകൃത ആരോഗ്യ സ്ഥാപനങ്ങളുടെയോ സര്‍ട്ടിഫിക്കറ്റ് വഴിയോ ആയിരിക്കും പരിശോധിക്കുക.

മൂന്ന് മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമില്ല. അവധിക്ക് ശേഷം വിദേശത്ത് നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ ആരോഗ്യ വകുപ്പും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് മാനേജ്‍മെന്റ് അതോരിറ്റിയും നിര്‍ദേശിക്കുന്ന ക്വാറന്റീന്‍, പരിശോധനാ നിയമങ്ങള്‍ പാലിക്കണം. യാത്ര സംബന്ധിച്ച പ്രത്യേക സത്യവാങ്മൂലവും രക്ഷിതാക്കള്‍ കുട്ടികളുടെ സ്‍കൂളില്‍ നല്‍കണം. രക്ഷിതാക്കള്‍ക്ക് സ്കൂളുകളില്‍ വരണമെങ്കില്‍ വാക്സിനെടുത്തിരിക്കുകയും ഒപ്പം 96 മണിക്കൂറിനിടെ എടുത്ത പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയിരിക്കുകയും വേണം. അബുദാബിയിലെ സ്വകാര്യ സ്‍കൂളുകളിലെ 89 ശതമാനം ജീവനക്കാര്‍ക്കും ഇതിനോടകം വാക്സിന്‍ നല്‍കിക്കഴിഞ്ഞുവെന്നാണ് കണക്കുകള്‍. 

Follow Us:
Download App:
  • android
  • ios