മസ്‍കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു.  ഇന്നു രാവിലെ ഒന്‍പതു മണിയോടുകൂടി  ഖബറടക്കത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപ യാത്രയായാണ് അസ്സൈബയിലുള്ള   സുല്‍ത്താന്‍ ഗ്രാന്‍ഡ് മോസ്‌കില്‍ ഭൗതിക ശരീരം എത്തിച്ചത്.
 
മയ്യിത്ത് നമസ്‌കാരത്തിന് ഒമാന്‍ ഗ്രാന്‍ഡ് മുഫ്തി അഹ്മ്മദ് ബിന്‍ ഹമദ് അല്‍ ഖലീലി നേതൃത്വം നല്‍കി. ശേഷം തുറന്ന വാഹനത്തില്‍ സുല്‍ത്താന്‍ ഖാബൂസിന്റെ ഭൗതിക ശരീരം 'ബൗഷര്‍-അല്‍ അന്‍സാബില്‍' എത്തിക്കുകയും അവിടെ പ്രത്യേകം തയ്യാറാക്കിയ മഖ്‍ബറയില്‍ അടക്കം ചെയ്യുകയുമായിരുന്നു. മയ്യത്ത് നമസ്‌കാരത്തില്‍ ഒമാന്‍ ഭരണാധികാരി ഹൈതം ബിന്‍ താരിക്ക് അല്‍ സൈദ്, മറ്റ് രാജ   കുടുംബാംഗങ്ങള്‍, മന്ത്രിമാര്‍,  ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രാദേശിക സമയം ഉച്ചയ്ക്ക് സമയം 12  മണിയോടെ സാംസ്‌കാര ചടങ്ങുകള്‍ അവസാനിച്ചു.