ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഹായഹസ്തം പ്രതീക്ഷയോടെ നോക്കി നില്‍ക്കുന്ന കേരള ബാല്യമെന്ന പ്രമേയത്തില്‍ നടന്ന രചന ശ്രദ്ധേയമായി

ദുബായ്: കേരളത്തിന് കൈത്താങ്ങാവാന്‍ ദുബായില്‍ 14 ചിത്രകാരന്മാര്‍ ഒത്തുചേര്‍ന്നു. ചിത്രം വിറ്റു കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. കേരളം നേരിട്ട പ്രളയ ദുരിത കാഴ്ചയിലേക്ക് മറുനാട്ടുകാരുടെ ശ്രദ്ധ ക്ഷണിക്കുന്നതിന്‍റെ ഭാഗമായാണ് പതിനാല് ജില്ലകളെ പ്രതിനിധീകരിച്ച് 14 ചിത്രകാരന്മാര്‍ ഒത്തുചേര്‍ന്നത്.

ദുബായ് ഔട്ടലറ്റ് മാളില്‍ സപ്പോര്‍ട്ട് കേരളയെന്ന പ്രമേയത്തില്‍ നടന്ന ചിത്ര രചനയില്‍ ഒമ്പത് മലയാളികളടക്കം 12 ഇന്ത്യക്കാരും യുഎഇ, ശ്രീലങ്ക പൗരന്മാരും കേരളത്തിന്‍റെ ഹരിതാഭയില്‍ ചായം തേച്ചു. രൗദ്രഭാവം പൂണ്ട തെയ്യത്തിലൂടെയാണ് പ്രളയത്തെ ചിത്രകാരന്മാര്‍ വരച്ചിട്ടത്.

പ്രതിസന്ധികളെ അതിജീവിച്ച് സുവര്‍ണ കാലത്തിലേക്കുള്ള ചുവടുകളുമായി കഥകളി വേഷവും കാന്‍വാസില്‍ ഇടം പിടിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഹായഹസ്തം പ്രതീക്ഷയോടെ നോക്കി നില്‍ക്കുന്ന കേരള ബാല്യമെന്ന പ്രമേയത്തില്‍ നടന്ന രചന ശ്രദ്ധേയമായി.

ചിത്രം വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. ഔട്ടലെറ്റ് മാളിന്‍റേയും സിഗ്മ സിക്സിന്‍റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.