Asianet News MalayalamAsianet News Malayalam

കൊവിഡ് പരിശോധനയ്ക്ക് ഏകീകൃത നിരക്ക് വേണമെന്ന് സുപ്രീംകോടതി; 'കൂടിയ നിരക്ക് കേന്ദ്രം നിശ്ചയിക്കണം'

അതേസമയം അതിഥി തൊഴിലാളികൾക്ക് നൽകുന്ന കൊവിഡ് ആനുകൂല്യങ്ങൾ  പ്രവാസികൾക്ക് നൽകാനാകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. 

supreme court on charges for covid test
Author
Delhi, First Published Jun 19, 2020, 2:27 PM IST

ദില്ലി: കൊവിഡ് പരിശോധനയ്ക്ക് ഏകീകൃത നിരക്ക് വേണമെന്ന് സുപ്രീംകോടതി. കൂടിയ നിരക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കണമെന്നും കോടതി ഉത്തരവിട്ടു. ഓരോ സംസ്ഥാനങ്ങളും ഏകീകൃത ഫീസ് ഘടന നിശ്ചയിച്ചിട്ടുണ്ടെന്നും കേന്ദ്രം  അറിയിച്ചു. അതേസമയം അതിഥി തൊഴിലാളികൾക്ക് നൽകുന്ന കൊവിഡ് ആനുകൂല്യങ്ങൾ  പ്രവാസികൾക്ക് നൽകാനാകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കാനാകുമോ എന്ന ഹൈക്കോടതി ചോദ്യത്തിന് മറുപടിയായാണ് നോർക്കയുടെ ഉത്തരവ്. 

രാജ്യത്തിന് പുറത്ത് ജോലിചെയ്യുന്ന  പ്രവാസി മലയാളികളും മറ്റു സംസ്ഥാനങ്ങളിൽ നിന്ന്  കേരളത്തിലെത്തി ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളും തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടെന്നാണ് നോർക്ക  ഉത്തരവിൽ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ മെയ് 28ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അതിഥി തൊഴിലാളികൾക്ക് നൽകുന്ന കൊവിഡ് ആനുകൂല്യങ്ങൾ പ്രവാസികൾക്ക് നൽകേണ്ടെന്നും  നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവന്‍റെ ഉത്തരവിൽ പറയുന്നു. 

ഇതോടെ പ്രവാസികൾക്ക് സൗജന്യ സർക്കാർ ക്വാറന്‍റീന്‍, ക്വാറന്‍റീന്‍ കേന്ദ്രത്തിലേക്കുള്ള യാത്ര അടക്കമുള്ള  ആനുകൂല്യങ്ങൾ ലഭിക്കില്ല. സർക്കാർ  ക്വാറന്‍റീൻ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്ന പ്രവാസികളിൽ നിന്ന് പണം ഈടാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രവാസി സംഘടനകൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളും അതിഥി തൊഴിലാളികളുടെ ഗണത്തിൽ വരുമെന്നും അതുകൊണ്ട് തന്നെ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ അതിഥി തൊഴിലാളികൾക്ക് ലഭിക്കുന്ന സൗജന്യ ക്വാറന്‍റീന്‍ അടക്കമുള്ള ആനുകൂല്യങ്ങൾ പ്രവാസികൾക്കും നൽകണം എന്നായിരുന്നു ഹർജിയിലെ ആവശ്യം. 

Follow Us:
Download App:
  • android
  • ios