കുവൈത്ത് സിറ്റി: കുവൈത്തിൽ കൊവിഡ് 19 ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനുള്ളിൽ കൊവിഡ് 19 ബാധിച്ച 161 പേരിൽ  104 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ രോഗം ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 634 ആയി. കൂടാതെ കുവൈത്തിൽ രോഗബാധിതരുടെ എണ്ണം 1154 ആയി. അതിനിടെ കുവൈത്തിന് പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ സംഘം കുവൈത്തിലെത്തി.

കുവൈത്തിൽ ഇതുവരെ റിപ്പോർട്ട്‌ ചെയ്യപ്പെട്ട കൊവിഡ് വൈറസ്‌ കേസുകളിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 161 പേർക്ക്‌ ആണ്  കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചത്. ഇന്ന് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ട ആളുകളിൽ 104 പേർ ഇന്ത്യക്കാരാണ്. ഇതോടെ ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 634  ആയി. കുവൈത്തിൽ ഇതുവരെ രോഗ ബാധയേറ്റവരുടെ എണ്ണം 1154 ആയി. 

ഇന്ന് 10 പേർ  രോഗ മുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസിൽ അൽ സബാഹ്‌ വ്യക്തമാക്കി.ഇതോടെ കൊറോണ വൈറസ്‌ ബാധയിൽ നിന്നു  ആകെ രോഗമുക്തി നേടിയവരുടെ എണ്ണം. 133 ആയി. ആകെ 1020 പേരാണു ഇപ്പോൾ  ചികിൽസയിൽ കഴിയുന്നത്‌.ഇവരിൽ 27 പേർ തീവ്ര പരിചരണ വിഭാഗത്തിലാണു . ഇതിൽ 10 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രാലയ വക്താവ്‌ അബ്ദുല്ല അൽ സനദ്‌ വ്യക്തമാക്കി. 

അതേ സമയം കൊറോണ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കുവൈത്തിന് പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ സംഘം കുവൈത്തിലെത്തി. ഇന്ത്യയുടെ റാപ്പിഡ് റെസ്പോൺസ് ടീം എന്നറിയപ്പെടുന്ന മെഡിക്കൽ സംഘമാണ് പ്രത്യേക വ്യോമസേന വിമാനത്തിൽ കുവൈത്തിലെത്തിയത്. കുവൈത്ത് പ്രധാനമന്ത്രിയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ടിറ്റ്വറിൽ വ്യക്തമാക്കി.