ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കപ്പലുകളില്‍ സ്ഫോടനം നടന്നുവെന്നും തീപിടിച്ചുവെന്നും ഉമസ്ഥരായ കമ്പനികളാണ് അറിയിച്ചത്. എന്നാല്‍ ആക്രമണമാണോ നടന്നതെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.  പുലര്‍ച്ചെ പ്രാദേശിക സമയം 6.12നും പിന്നീട് ഏഴ് മണിക്കുമാണ് സ്ഫോടനം നടന്ന കപ്പലുകളില്‍ നിന്ന് ബഹ്റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നാവിക സേനയുടെ ഫിഫ്ത്ത് ഫ്ലീറ്റിന് സഹായ അഭ്യര്‍ത്ഥനകള്‍ ലഭിച്ചത്.  

കപ്പലുകളിലൊന്ന് ചൊവ്വാഴ്ച അബുദാബിയില്‍ നിന്ന് ഇന്ധനം കയറ്റി തായ്‍വാനിലേക്ക് പുറപ്പെട്ടതായിരുന്നുവെന്ന് യുഎഇ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 30ന് തായ്‍വാനില്‍ എത്തിച്ചേരേണ്ടതായിരുന്നു ഈ കപ്പല്‍. ആക്രമണത്തിനിരയായ രണ്ടാമത്തെ കപ്പല്‍ സൗദിയിലെ അല്‍ ജുബൈല്‍ തുറമുഖത്ത് നിന്ന് ജൂണ്‍ 10ന് പുറപ്പെട്ടതായിരുന്നു. ജൂണ്‍ 22ന് ഇത് സിംഗപ്പൂരില്‍ എത്തിച്ചേരേണ്ടിയിരുന്നതാണ്. അതേസമയം ഒമാന്‍ ഉള്‍ക്കടലില്‍ തകരാറിലായ രണ്ട് എണ്ണക്കപ്പലുകളില്‍ നിന്ന് 44 നാവികരെ ഇറാനിയന്‍ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി ഇര്‍ന അറിയിച്ചു. ഇവരെ ഇറാനിലെ ജാസ്ക് തുറമുഖത്ത് എത്തിച്ചതായാണ് റിപ്പോര്‍ട്ട്.

കപ്പലുകള്‍ ആക്രമിക്കപ്പെട്ടതാണെന്നോ സംഭവത്തിന് പിന്നില്‍ ആരാണെന്നോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഗള്‍ഫ് മേഖലയില്‍ കനത്ത ജാഗ്രത പാലിക്കുന്നതായി ബ്രിട്ടീഷ് നാവിക സേന അറിയിച്ചിട്ടുണ്ട്. അമേരിക്കന്‍ നാവിക സേന ഇതുവരെ ഔദ്യോഗികമായ പ്രതികരണം നടത്തിയിട്ടില്ല. തീപിടിച്ച രണ്ട് കപ്പലുകളില്‍ നിന്നും ജീവനക്കാരെയെല്ലാം ഒഴിപ്പിച്ചതായും അവര്‍ സുരക്ഷിതരാണെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഒരു ജീവനക്കാരന് ചെറിയ പരിക്കേറ്റുവെന്നും എന്നാല്‍ സമീപത്തുണ്ടായിരുന്ന കപ്പലില്‍ നിന്ന് സഹായം ലഭിച്ചതായും കപ്പല്‍ കമ്പനി അറിയിച്ചിട്ടുണ്ട്. 

ആക്രമണ വാര്‍ത്ത പുറത്തുവന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ വ്യാഴാഴ്ച അസംസ്കൃത എണ്ണവില നാല് ശതമാനത്തോളം വര്‍ദ്ധിച്ചു. കഴിഞ്ഞ മാസം യുഎഇയുടെ സമുദ്രാതിര്‍ത്തിയില്‍ വെച്ച് നാല് എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. ഇറാനാണ് ഈ സംഭവത്തിന് പിന്നിലെന്ന് അമേരിക്ക പിന്നീട് വ്യക്തമാക്കി.