യുഎഇയിലെത്തിയ സ്വിസ് പ്രസിഡന്റ് യുഎഇയുടെയും സ്വിറ്റ്സര്‍ലന്റിന്റെയും മറ്റ് ചില രാജ്യങ്ങളുടെയും പവലിയനുകള്‍ സന്ദര്‍ശിച്ചു. യുഎഇ ധനകാര്യ മന്ത്രി അബ്‍ദുല്ല ബിന്‍ തൌഖ് അല്‍ മറി ഉള്‍പ്പെടെയുള്ള യുഎഇ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തി. 

ദുബൈ: എക്സ്പോ 2020ലെ സ്വിസ് പവലിയനില്‍ സ്വിറ്റ്സര്‍ലന്റിന്റെ ദേശീയ ദിനം ആഘോഷിച്ചു. സ്വിസ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് ഗുയ് പര്‍മേലിന്റെയും യുഎഇ സഹിഷ്‍ണുതാകാര്യ മന്ത്രിയും എക്സ്പോ കമ്മീഷണര്‍ ജനറലുമായ ശൈഖ് നഹ്‍യാന്‍ മുബാറക് അല്‍ നഹ്‍യാന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആഘോഷങ്ങള്‍. നിരവധി സാംസ്‍കാരിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.

യുഎഇയിലെത്തിയ സ്വിസ് പ്രസിഡന്റ് യുഎഇയുടെയും സ്വിറ്റ്സര്‍ലന്റിന്റെയും മറ്റ് ചില രാജ്യങ്ങളുടെയും പവലിയനുകള്‍ സന്ദര്‍ശിച്ചു. യുഎഇ ധനകാര്യ മന്ത്രി അബ്‍ദുല്ല ബിന്‍ തൌഖ് അല്‍ മറി ഉള്‍പ്പെടെയുള്ള യുഎഇ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തി. പവലിയന്‍ പങ്കാളികളുമായി നടത്തിയ കൂടിക്കാഴ്‍ചയോടെയാണ് പ്രസിഡന്റിന്റെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയായത്. 

യുഎഇ അന്താരാഷ്‍ട്ര സഹകരണ സഹമന്ത്രിയും എക്സ്പോ 2020 ബ്യൂറോ ഡയറക്ടര്‍ ജനറലുമായ റീം ഇബ്രാഹീം അല്‍ ഹാഷിമി, എക്സ്പോ കമ്മീഷണല്‍ ജനറലിന്റെ ഓഫസിലെ എക്സിക്യൂട്ടീവ് ഡയറക്ടറായ നജീബ് മുഹമ്മദ് അല്‍ അലി, ഫെഡറല്‍ നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളായ മര്‍വാന്‍ ഉബൈദ് അല്‍ മുഹൈരി, സാറ മുഹമ്മദ് ഫലക്നാസ്, മിറ സുല്‍ത്താന്‍ അല്‍ സുവൈദി, എക്സ്പോ കമ്മീഷണര്‍ ജനറലിന്റെ ഓഫീസിലെ സീനിയര്‍ വൈസ് പ്രസിഡന്റ് അബ്‍ദുല്ല ബിന്‍ ശഹീന്‍ തുടങ്ങിയവര്‍ സ്വിസ് ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുത്തു.

സ്വിസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ ശൈഖ് നഹിയാന്‍ ബിന്‍ മുബാറകാണ് പതാക ഉയര്‍ത്തല്‍ ചടങ്ങിലേക്ക് ക്ഷണിച്ചത്. യുഎഇയുടെ സ്വിറ്റസര്‍ലന്റും തമ്മിലുള്ള ബന്ധത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ 18 മാസങ്ങള്‍ക്ക് ശേഷം മികച്ച രീതിയില്‍ എക്സ്പോ സംഘടിപ്പിക്കാനായത് യുഎഇയുടെ നേട്ടമാണെന്ന് അഭിപ്രായപ്പെട്ട സ്വിസ് പ്രസിഡന്റ്, അതിന് യുഎഇയെ അഭിനന്ദിക്കുന്നുവെന്നും അറിയിച്ചു.