കോഴിക്കോട്: സുന്നി ഐക്യത്തിന് സാധ്യത വര്‍ധിപ്പിച്ചുകൊണ്ട് അനുരഞ്ജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ അനുരഞ്ജന സമിതിയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

സുന്നികളുടെ പരമോന്നത സഭയായ കേന്ദ്ര മുശാവറകള്‍ തീരുമാനിച്ചതനുസരിച്ചാണ് ഐക്യ ചര്‍ച്ചകള്‍ നടക്കുന്നത്. എ.പി, ഇ.കെ വിഭാഗങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് ലക്ഷ്യം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും ഡോ.ഇ.എന്‍ അബ്ദുലത്തീഫ് കണ്‍വീനറുമായ അനുരഞ്ജന സമിതിയുടെ ശ്രമഫലമായാണ് ചര്‍ച്ച.

പല സ്ഥാപനങ്ങളിലും പ്രശ്നങ്ങള്‍ തുടരുന്നതിനിടെയാണ് നേതൃതലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. മഹല്ലുകളിലും സ്ഥാപനങ്ങളിലും ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ ഇരു വിഭാഗവും തീരുമാനമെടുത്തു. മഹല്ലുകളില്‍ നിലവിലുള്ള സ്ഥിതിയില്‍ മാറ്റം വരുത്തുകയോ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്യില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് വിരുദ്ധമായി ഏതെങ്കിലും മഹല്ലില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ നേതാക്കള്‍ ഇടപെട്ട് പൂര്‍വ സ്ഥിതി പുനഃസ്ഥാപിക്കും.

ഇരു വിഭാഗവും ഇനിയും യോഗം ചേര്‍ന്ന് ഐക്യശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം.