30 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം പഞ്ചർ ഒട്ടിക്കുന്നതിനിടെ വാഹനം ജാക്കിയിൽ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തിലാണ് മരിച്ചത്.
റിയാദ്: സൗദി അറേബ്യയിലെ ഹഫർ അൽ ബാത്വിനിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. തമിഴ്നാട് നാമക്കൽ സ്വദേശി സുന്ദരം രാമസ്വാമിയാണ് (59)മരിച്ചത്. പഞ്ചർ ഒട്ടിക്കുന്നതിനിടെ വാഹനം ജാക്കിയിൽ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തിലാണ് സുന്ദരം രാമസ്വാമി മരിച്ചത്.
30 വർഷത്തോളമായി ഹഫർ അൽ ബാത്വിൻ സനാഇയ്യയിൽ പഞ്ചർ വർക്ക് ഷോപ്പ് നടത്തുകയായിരുന്നു ഇദ്ദേഹം. ടാങ്കർ ലോറിയുടെ പഞ്ചർ ഒട്ടിക്കുന്നതിനിടയിൽ ജാക്കി തെന്നിമാറി വാഹനം ശരീരത്തിലേക്ക് കയറിയാണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ സുന്ദരത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു. രണ്ടാഴ്ച നീണ്ടുനിന്ന പൊലീസ് അന്വേഷണത്തിനും ഫോറൻസിക് പരിശോധനക്കും ശേഷം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത് നിയമനടപടികൾ പൂർത്തിയാക്കി. സുഹൃത്തുക്കളായ ഗോപാൽ, ചെല്ലപ്പൻ എന്നിവർ മൃതദേഹം ഏറ്റുവാങ്ങി ഇൻഡിഗോ വിമാനത്തിൽ ചെന്നൈ വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്ന് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു. മാതാവ്: പപ്പായി രാമസ്വാമി, ഭാര്യ: ഗോമതി സുന്ദരം, മക്കൾ: മാലതി, അരുൺകുമാർ.
