ദുബായ്: സൗദി വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെ വ്യാഴാഴ്ച രാവിലെ ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തെ കരുതലോടെയാണ് അറബ്-ഗള്‍ഫ് രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. രാജ്യസുരക്ഷ തകര്‍ക്കാനായി ഒളിഞ്ഞും തെളിഞ്ഞും ഇറാന്‍ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കാനായിരിക്കും വരുംദിവസങ്ങളില്‍ അറബ് രാഷ്ട്രങ്ങള്‍ ശ്രമിക്കുക.

ഒമാന്‍ ഉള്‍ക്കടലില്‍ തായ്‍വാന്‍, നോര്‍വേ ടാങ്കറുകള്‍ക്ക് നേരെ പ്രാദേശിക സമയം രാവിലെ ആറിനും ഏഴുമണിക്കുമിടയിലാണ് ആക്രമണം നടന്നത്.  രണ്ടു കപ്പലുകളില്‍ നിന്നും സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട്,  അമേരിക്കയുടെ മദ്ധ്യപൗരസ്ത്യ ദേശത്തെ നാവികസേനാ കപ്പലുകളിലേക്ക് സന്ദേശം ലഭിച്ചതായി അമേരിക്ക സ്ഥിരീകരിച്ചു.  കൊക്കുവ കറേജ്യസ് എന്ന കപ്പലിലുണ്ടായിരുന്ന 21 പേര്‍ കപ്പല്‍ ഉപേക്ഷിച്ച് ലൈഫ് ബോട്ടില്‍ രക്ഷപ്പെട്ടു. സമീപമുണ്ടായിരുന്ന കോസ്റ്റല്‍ എയ്സ് എന്ന കപ്പലാണ് ഇവര്‍ക്ക് സഹായവുമായെത്തിയത്. ഫുജൈറയില്‍ നിന്ന് 70 നോട്ടിക്കല്‍ മൈലും ഇറാനില്‍ നിന്ന് 14 നോട്ടിക്കല്‍ മൈലും അകലെയായിരുന്നു കപ്പല്‍. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെങ്കിലും സംഭവത്തെ കരുതലോടെയാണ് അറബ്-ഗള്‍ഫ് രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടക്കുന്നത്.

ഇറാന്റെ പിന്തുണയോടെ ഹൂതി വിമതര്‍ യുഎഇയിലെ ഫുജൈറയില്‍ സൗദിയുടെ ആരാംകോ എണ്ണപൈപ്പുകള്‍ക്ക് നേരെയും ഇന്നലെ സൗദി വിമാനതാവളത്തിലും ആക്രമങ്ങള്‍ നടത്തിയിരുന്നു.  ഇറാന്‍ എന്ന പൊതുശത്രുവിന്റെ സഹായത്തോടെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങള്‍ സൗദിയും കടന്ന് യുഎഇയുടെയും ഒമാന്റെയും തീരത്തുവരെ എത്തിനില്‍ക്കുന്നത്  മിക്ക ഇസ്‌ലാമിക രാഷ്ട്രങ്ങളെയും  അസ്വസ്ഥരാക്കുന്നതാണ്.  മക്കയില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ നടന്ന  അടിയന്തര ഉച്ചകോടികളില്‍ ഇറാനെതിരേ ഒറ്റക്കെട്ടായി നില്‍ക്കാനുള്ള ആഹ്വാനമുയര്‍ന്നതിനു തൊട്ടുപിന്നാലെയാണ് രണ്ട് ആക്രമണങ്ങളും നടന്നത്. 

രാജ്യസുരക്ഷ തകര്‍ക്കാനായി ഒളിഞ്ഞും തെളിഞ്ഞും ഇറാന്‍ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കാനായിരിക്കും വരുംദിവസങ്ങളില്‍ അറബ് രാഷ്ട്രങ്ങള്‍ ശ്രമിക്കുക. ഇതിനായി അറബ് രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനം ശക്തമാക്കുമെന്നാണ് വിലയിരുത്തല്‍. ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇറാന്റെ നിലപാടുകള്‍ ഇതിന് സഹായകമാവുന്നില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ജിസിസി യോഗവും കുറ്റപ്പെടുത്തിയിരുന്നു.