ഈ വര്‍ഷം ജൂലൈയില്‍ വിദേശ യാത്രയ്‍ക്കായി അബുദാബി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അവിടെവെച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‍തത്. 

ദുബൈ: തപാലില്‍ എത്തിയ മയക്കുമരുന്ന് പാക്കറ്റിന്റെ പേരില്‍ പുലിവാലുപിടിച്ച വിദേശ വനിതയെ ഒടുവില്‍ യുഎഇ കോടതി കുറ്റവിമുക്തയാക്കി. ദുബൈയില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ അധ്യാപികയായ വനിതയുടെ പേരില്‍ 2020 ഓഗസ്റ്റ് മാസത്തിലാണ് 199 ഗ്രാം കഞ്ചാവ് തപാലിലെത്തിയത്. പാക്കറ്റിന് മുകളില്‍ മറ്റൊരാളുടെ പേരാണ് രേഖപ്പെടുത്തിയിരുന്നതെങ്കിലും ഫോണ്‍ നമ്പര്‍ അധ്യാപികയുടേതായിരുന്നു.

ഈ വര്‍ഷം ജൂലൈയില്‍ വിദേശ യാത്രയ്‍ക്കായി അബുദാബി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അവിടെവെച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‍തത്. 32 വയസുകാരിയായ ഇവരെ പിന്നീട് ദുബൈ പൊലീസിന്റെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗത്തിന് കൈമാറി. താന്‍ എവിടെ നിന്നും മയക്കുമരുന്ന് ഓര്‍ഡര്‍ ചെയ്‍തിട്ടില്ലെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. രണ്ട് മാസമാണ് യുവതി പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞത്.

അന്വേഷണത്തിന്റെ ഭാഗമായി മൂത്രം പരിശോധിക്കാന്‍ സാമ്പിള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് യുവതി നിരസിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചു. രണ്ട് തവണ ഇതിനായി യുവതിയുമായി സംസാരിച്ചെങ്കിലും അഭിഭാഷകനുമായി സംസാരിക്കാതെ സാമ്പിള്‍ നല്‍കാനാവില്ലെന്ന് യുവതി നിലപാടെടുത്തുവെന്നും പൊലീസ് രേഖകളില്‍ പറയുന്നു.

ഓഗസ്റ്റ് 24നാണ് കേസ് കോടതിയിലെത്തിയത്. എന്നാല്‍ പരിശോധനയ്‍ക്ക് വിസമ്മതിച്ചില്ലെന്നും തന്നോട് സംസാരിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അഭിഭാഷകനെ കാണാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. പകരം അന്വേഷണം തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തുമെന്നായിരുന്നു പൊലീസ് പറഞ്ഞത്. പ്രോസിക്യൂഷന്റെ ഉത്തരവില്ലാതെയാണ് സാമ്പിള്‍ ആവശ്യപ്പെട്ട് പൊലീസുകാര്‍ യുവതിയെ സമീപിച്ചതെന്നും അഭിഭാഷകന്‍ പറഞ്ഞു.

മയക്കുമരുന്ന് ഇറക്കുമതി ചെയ്‍തെന്ന ഗുരുതരമായ കുറ്റം ആരോപിക്കപ്പെട്ടപ്പോള്‍ യുവതി പരിഭ്രാന്തയായി. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ യുവതി മയക്കുമരുന്ന് ഓര്‍ഡര്‍ ചെയ്‍തിട്ടില്ലെന്ന് തെളിയുകയും ചെയ്‍തുവെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് യുവതിയെ കോടതി കുറ്റവിമുക്തയാക്കുകായിരുന്നു.