ദമാം: സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. ദമാം അല്‍ശാത്തി ഡിസ്ട്രിക്ടിലെ സ്വകാര്യ സെക്കന്‍ഡറി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകനായ മുഹമ്മദ് ഹസ്സാനാണ്(35 മരിച്ചത്. 'മദ്‌റസതീ' പ്ലാറ്റ്‌ഫോം വഴി ക്ലാസെടുക്കുന്നതിനിടെ വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

താമസസ്ഥലത്ത് വെച്ചാണ് ഇദ്ദേഹം ഓണ്‍ലൈന്‍ വഴി ക്ലാസെടുത്തത്. അധ്യാപകന്‍ കുഴഞ്ഞുവീണത് കണ്ട വിദ്യാര്‍ത്ഥികളാണ് ഇതേ സ്‌കൂളിലെ മറ്റൊരു അധ്യാപകനെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചത്. ഉടന്‍ തന്നെ ഇദ്ദേഹത്തിന്റെ താമസസ്ഥലത്തെത്തി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയെങ്കിലും മരിച്ച നിലയിലാണ് മുഹമ്മദ് ഹസ്സാനെ കണ്ടെത്തിയത്. ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനുള്ള സജ്ജീകരണങ്ങളും ചെവിയില്‍ ഇയര്‍ഫോണും ഉണ്ടായിരുന്നു. സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. കുടുംബാംഗങ്ങള്‍ ഈജിപ്തിലാണുള്ളത്. സ്വാഭാവിക രീതിയിലാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ഇതേ സ്‌കൂളിലെ അധ്യാപകനായ മുഹമ്മദ് അല്‍സുഫ്‍‍യാന്‍ പറഞ്ഞു. അധ്യാപക വിസയില്‍ സൗദിയിലെത്തിയ മുഹമ്മദ് ഹസ്സാന്‍ അഞ്ചു വര്‍ഷം മുമ്പാണ് ദമാം സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ചത്.