ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നു വീണ സംഭവത്തിൽ, ക്യാപ്റ്റൻ വിംഗ് കമാൻഡർ നമാംശ് സ്യാൽ രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നതായി അന്വേഷണ സംഘം.

ദുബായ്: തേജസ് യുദ്ധ വിമാന ദുരന്തത്തില്‍ സാങ്കേതിക തകരാര്‍ മുതല്‍ പൈലറ്റിന്‍റെ ആരോഗ്യം വരെയുള്ള ഘടകങ്ങള്‍ വ്യോമസേനയുടെ അന്വേഷണ പരിധിയില്‍. കൊല്ലപ്പെട്ട വിംഗ് കാമന്‍ഡര്‍ നമാംശ് സ്യാല്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി. വിംഗ് കമാന്‍ഡര്‍ നമാംശ് സ്യാലിന്‍റെ മൃതദേഹം സൈനിക ബഹുമതികളോടെ ജന്മനാട്ടില്‍ ഇന്ന് സംസ്ക്കരിക്കും. 

ദുബായ് അല്‍മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ നടന്ന അപകടം. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂര്‍ത്തിയാക്കി അടുത്ത റൗണ്ടില്‍ രണ്ട് തവണ കുത്തനെ മുകളിലേക്ക് ഉയര്‍ന്ന് കരണം മറിഞ്ഞ ശേഷം ആവര്‍ത്തിക്കാനുള്ള ശ്രമത്തിനിടെയാണ് താഴേക്ക് പതിച്ച് ഉഗ്ര സ്ഫോടനത്തോടെ തേജസ് കത്തിയമര്‍ന്നത്. തകര്‍ന്ന വിമാനത്തിന് 9 വര്‍ഷം മാത്രം പഴക്കമേ ഉള്ളതിനാല്‍ യന്ത്രതകരാറടക്കം ഘടകങ്ങള്‍ കാരണമായിട്ടുണ്ടോയെന്ന് അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. 

കഴിഞ്ഞ വര്‍ഷം രാജസ്ഥാനിലെ ജയ്സാല്‍ മീറില്‍ തകര്‍ന്ന് വീണ വിമാനത്തിന്‍റെ ഓയില്‍ പമ്പിലെ തകരാര്‍ മൂലം എ‍ഞ്ചിന്‍റെ പ്രവര്‍ത്തനം പെട്ടെന്ന് തടസപ്പെട്ടതായിരുന്നു അപകടകാരണമായി വിലയിരുത്തപ്പെട്ടത്. സമാന സാഹചര്യം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും.പക്ഷി ഇടിച്ച് തകരാര്‍ സംഭവിക്കാനുള്ള സാധ്യത വിരളമാണ്. പല കാരണങ്ങള്‍ക്കൊപ്പം പൈലറ്റിന്‍റെ ആരോഗ്യ ഘടകങ്ങളും അന്വേഷണത്തിലുണ്ട്. ഫിറ്റ്നസ് പരിശോധനക്ക് ശേഷമാണ് വിമാനം പറത്തിയതെങ്കിലും, അഭ്യാസ പ്രകടനത്തിനിടെ ഏതെങ്കിലും പ്രതിസന്ധിയുണ്ടായിട്ടുണ്ടോയെന്നതും അന്വേഷിക്കുന്നുണ്ട്. കീഴ് മേല്‍ മറിച്ചുള്ള അഭ്യാസ പ്രകടനത്തിനിടെ ശാരീരികാസ്വാസ്ഥ്യമുണ്ടായി വിമാനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണോയെന്നും പരിശോധിക്കും. ദുബായ് വ്യോമ അതോറിറ്റിയില്‍ നി്ന്ന് വിവരം തേടിയ അന്വേഷണ സംഘം നേരിട്ടെത്തി തെളിവുകള്‍ ശേഖരിക്കും.അന്വേഷണത്തിലെ പ്രാഥമിക വിവരങ്ങള്‍ പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് വിലയിരുത്തി.

ദുബായില്‍ നിന്ന് ബേസ് ക്യാമ്പായ തമിഴ്നാട്ടിലെ സുലൂരിലെത്തിച്ച വിംഗ് കമാന്‍ഡര്‍ നമാംശ് സ്യാലിന്‍റെ മൃതദേഹത്തില്‍ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും അന്തിമോപചരാമര്‍പ്പിച്ചു. ജില്ലാ കളക്ടറും പോലീസ് മേധാവിയും പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം ജന്മനാടായ ഹിമാചലിലെ കാംഗ്ഡയിലേക്ക് കൊണ്ടു പോയി. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തേജസ് വിമാനങ്ങള്‍ താഴെയിറക്കുമെന്ന പ്രചാരണം വ്യോമസേന വൃത്തങ്ങള്‍ ഇതിനിടെ തള്ളി.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്