അബുദാബി: യുഎഇയുടെ വിവിധ പ്രദേശങ്ങള്‍ അതിശൈത്യത്തിലേക്ക് കടക്കുന്നുവെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പറയുന്നു. ഈ സീസണില്‍ ആദ്യമായി രാജ്യത്ത് അന്തരീക്ഷ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തുകയും ചെയ്‍തു.

ശനിയാഴ്‍ച പുലര്‍ച്ചെ 5.15നാണ് രാജ്യത്ത് ഈ സീസണിലെ ഏറ്റവും താഴ്‍ന്ന താപനില രേഖപ്പെടുത്തിയത്. അല്‍ ഐനിലെ റക്നയില്‍ മൈനസ് രണ്ട് ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞയാഴ്‍ച ഇതേ പ്രദേശത്ത് 1.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു താഴ്‍ന്ന താപനില. 

യുഎഇയില്‍ ഇതാദ്യമായല്ല ശൈത്യ കാലത്ത് മൈനസ് താപനില രേഖപ്പെടുത്തുന്നത്. മുന്‍ വര്‍ഷങ്ങളിലും അന്തരീക്ഷ ഉഷ്‍മാവ് പൂജ്യത്തിന് താഴെ എത്തിയിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഭാഗികമായി മേഘാവൃതമാവുമെങ്കിലും പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരിക്കും രാജ്യത്തെന്നാണ് പ്രവചനം.