യുഎഇയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമ്പോഴും കിഴക്കൻ, തെക്കൻ മേഖലകളിൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ പൊടിക്കാറ്റിനും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും, വാരാന്ത്യത്തിൽ കിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാമെന്നും പ്രവചനമുണ്ട്.
ദുബായ്: യുഎഇയിൽ ചില ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമ്പോഴും കിഴക്കൻ, തെക്കൻ മേഖലകളിൽ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽമഴ ലഭിച്ചതിന് പിന്നാലെയാണ് പുതിയ കാലാവസ്ഥാ പ്രവചനം.
രാജ്യത്ത് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. എന്നാൽ ഉച്ചയ്ക്ക് ശേഷം കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ട്. ഉൾപ്രദേശങ്ങളിൽ താപനില 45 ഡിഗ്രി സെൽഷ്യസ് മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.
തീരദേശങ്ങളിലും ദ്വീപുകളിലും 39 ഡിഗ്രി സെൽഷ്യസ് മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും താപനില. മലയോര മേഖലകളിൽ 33 ഡിഗ്രി സെൽഷ്യസ് മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തും. കാറ്റ് സാധാരണ നിലയിലായിരിക്കുമെങ്കിലും ചില സമയങ്ങളിൽ മണിക്കൂറിൽ 40 കി.മീ വരെ വേഗതയുണ്ടാകും. പൊടിക്കാറ്റിനും സാധ്യതയുണ്ട്. തീരദേശ മേഖലകളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 35 കി.മീ വരെയാകാം.
രാത്രിയിലും വ്യാഴാഴ്ച രാവിലെയുമായി തീരദേശ മേഖലകളിൽ ഈർപ്പം വർധിക്കാനും മൂടൽമഞ്ഞിന് സാധ്യതയുമുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും. വ്യാഴാഴ്ചയോടെ താപനിലയിൽ നേരിയ കുറവുണ്ടാകുമെങ്കിലും പടിഞ്ഞാറൻ മേഖലകളിൽ ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെടാം. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഞായറാഴ്ച വരെ സമാനമായ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.


