ദുബൈ: ദുബൈ ഉപഭരണാധികാരിയും ധനമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് ആല്‍ മക്തൂമിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് ദുബൈയില്‍ 10 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. 

എമിറേറ്റിലെ എല്ലാ സര്‍ക്കാര്‍ വിഭാഗങ്ങളിലെയും സ്ഥാപനങ്ങളിലെയും പ്രവര്‍ത്തനം നാളെ മുതല്‍(വ്യാഴാഴ്ച) മാര്‍ച്ച് 27 ശനിയാഴ്ച വരെ മൂന്നു ദിവസത്തേക്ക് നിര്‍ത്തിവെക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ സഹോദരനാണ് വിടവാങ്ങിയ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് ആല്‍ മക്തൂം. മാസങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 1971ല്‍ യുഎഇയുടെ ആദ്യ കാബിനറ്റ് നിലവില്‍ വന്നത് മുതല്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് ശൈഖ് ഹംദാനായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക നയരൂപീകരണത്തിലും വികസന മുന്നേറ്റത്തിലും അദ്ദേഹം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.