കുവൈത്തിൽ മയക്കുമരുന്ന്, മദ്യം, ആയുധങ്ങൾ എന്നിവ കടത്തുകയും വിൽപ്പന നടത്തുകയും ചെയ്ത 10 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് 1.1 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, ലിറിക്ക, തോക്കുകൾ, പണം എന്നിവയുൾപ്പെടെ വൻതോതിൽ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു.  

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിവേട്ട. മയക്കുമരുന്ന്, സൈക്കോട്രോപിക് മരുന്നുകൾ, മദ്യം, ആയുധങ്ങൾ എന്നിവ കടത്തുകയും വിൽപ്പന നടത്തുകയും ചെയ്ത കേസുകളിൽ 10 പേരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

മയക്കുമരുന്ന് വ്യാപനം തടയാനും അതിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കാനുമായി നടത്തുന്ന ശക്തമായ സുരക്ഷാ നടപടികളുടെ ഭാഗമായാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതികളിൽ നിന്ന് 1.1 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് (മെതാംഫെറ്റമിൻ), 60 മദ്യക്കുപ്പികൾ, 2,218 ലിറിക്ക ക്യാപ്സൂളുകൾ, 2 കിലോഗ്രാം ലിറിക്ക പൗഡർ, മൂന്ന് തോക്കുകൾ, രണ്ട് ഡിജിറ്റൽ തൂക്കക്കരണ്ടികൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ 5 ഗ്രാം ഹാഷിഷ്, എട്ട് സൈക്കോട്രോപിക് ഗുളികകൾ, നാല് കാപ്റ്റഗൺ ഗുളികകൾ, കൂടാതെ ലഹരി കടത്ത് ഇടപാടുകളിൽ നിന്നുള്ള വരുമാനമെന്ന് സംശയിക്കുന്ന 8,179 കുവൈത്തി ദിനാറും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

മയക്കുമരുന്ന് ഇറക്കുമതി, വിൽപ്പന, ഉപയോഗം എന്നിവയിൽ ഏർപ്പെടുന്നവരെ കണ്ടെത്തുന്നതിനായി സുരക്ഷാ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിച്ച് വിവരം അറിയിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.