സൗദി സൂപ്പർ കപ്പിന് മുന്നോടിയായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനൽ നവംബറിൽ പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും. ഫുട്ബോൾ ആരാധകർക്കായി നുവൈസീബ് അതിർത്തിയിൽ 20 പുതിയ കാബിനുകൾ സജ്ജീകരിക്കും. കൂടാതെ, കളിക്കാർക്കും ഒഫീഷ്യൽസിനും ബയോമെട്രിക് പരിശോധനയിൽ ഇളവ് നൽകാനും തീരുമാനിച്ചിട്ടുണ്ട്.

കുവൈത്ത് സിറ്റി: കുവൈത്തിൽ സൗദി സൂപ്പർ കപ്പ് മത്സരങ്ങൾ നടക്കുന്നതിന് മുന്നോടിയായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഒന്നാം നമ്പർ ടെർമിനൽ (ടി1) നവംബറിൽ പൂർണതോതിൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ-യൂസഫ് പ്രഖ്യാപിച്ചു. ജാബർ അൽ-അഹ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന സൗദി സൂപ്പർ കപ്പ് ഗവൺമെന്‍റ് പാർട്ണർ സ്പോൺസർഷിപ്പ് കരാർ ഒപ്പിടൽ ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗദിയിൽ നിന്നെത്തുന്ന ഫുട്ബോൾ ആരാധകർക്കും സന്ദർശകർക്കും സുഗമമായ യാത്രാ സൗകര്യം ഒരുക്കുന്നതിന്‍റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ശൈഖ് ഫഹദ് അൽ-യൂസഫ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നുവൈസീബ് അതിർത്തി ചെക്ക്‌പോസ്റ്റിൽ യാത്രക്കാരുടെ പരിശോധന വേഗത്തിലാക്കാൻ 20 പുതിയ കാബിനുകൾ കൂടി സജ്ജീകരിച്ച് ശേഷി വർധിപ്പിക്കും.

കൂടാതെ മത്സരങ്ങളിൽ പങ്കെടുക്കാനെത്തുന്ന കളിക്കാർക്കും ഒഫീഷ്യൽസ്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവർക്ക് വിമാനത്താവളത്തിലെ ബയോമെട്രിക് ഫിംഗർപ്രിന്റ് നടപടികളിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്. പകരം രാജ്യത്തേക്ക് എളുപ്പത്തിൽ വന്നുപോകുന്നതിനായി അവർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡുകൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു. കുവൈത്തിൽ നടക്കുന്ന സൗദി സൂപ്പർ കപ്പിനെത്തുന്ന ടീമുകൾക്കും ആരാധകർക്കും യാത്രാ നടപടികൾ കൂടുതൽ എളുപ്പമാക്കുകയാണ് ഇത്തരം സുപ്രധാന തീരുമാനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.