Asianet News MalayalamAsianet News Malayalam

ആശ്വാസവുമായി ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍; പുതിയ അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ വീടുകളില്‍ എത്തിക്കും

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആയിരത്തോളം കുട്ടികള്‍ക്ക് ഇപ്പോള്‍ തന്നെ ഇന്ത്യന്‍ സ്‌കൂള്‍ ഫീസ് ഇളവ് നല്‍കിവരുന്നുണ്ട്.
 

text books for next educational year will send to home says Indian school
Author
Manama, First Published Apr 8, 2020, 8:40 PM IST

മനാമ: കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പുതിയ അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും വീടുകളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായി ബഹ്‌റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ അറിയിച്ചു. ബഹ്‌റൈനില്‍ കൊവിഡ് 19ന്റെ  ഭാഗമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് 2020-21 അധ്യയന വര്‍ഷത്തെ ക്‌ളാസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള നടപടികളും സ്‌കൂളില്‍ പുരോഗമിച്ചു വരുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ആയിരത്തോളം കുട്ടികള്‍ക്ക് ഇപ്പോള്‍ തന്നെ ഇന്ത്യന്‍ സ്‌കൂള്‍ ഫീസ് ഇളവ് നല്‍കിവരുന്നുണ്ട്. എന്നാല്‍  കൊവിഡ് 19 ന്റെ ഭാഗമായി നിരവധി രക്ഷിതാക്കള്‍ക്ക് ജോലി നഷ്ടപ്പെടുകയും സാമ്പത്തിക ബുദ്ധിമുട്ടിന് ഇടയാക്കുകയും  ചെയ്യുന്നുണ്ട്. ഇപ്രകാരം വളരെ കഷ്ടപ്പെടുന്ന രക്ഷിതാക്കളില്‍ നിന്ന് ഫീസ് ഇളവിനായി ധാരാളം പുതിയ അപേക്ഷകള്‍ സ്‌കൂളിന് ലഭിച്ചുവരുന്നു. 

ഗള്‍ഫ് രാജ്യങ്ങളിലെ തന്നെ ഏറ്റവും കുറഞ്ഞ ഫീസ് ഇടാക്കി തീര്‍ത്തും ലാഭരഹിതമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്‌കൂള്‍ ബഹ്‌റൈന്  താങ്ങാവുന്നതിലും അപ്പുറമാണ്  ഈ അപേക്ഷകള്‍. ഈ സാഹചര്യത്തില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രക്ഷിതാക്കള്‍ക്ക് തുണയേകാന്‍  ആവശ്യമായ സാമ്പത്തിക വിഭവ സമാഹരണത്തിന് സഹായിക്കുവാന്‍ തയ്യാറുള്ള ഇന്ത്യന്‍ സ്‌കൂള്‍ രക്ഷിതാക്കള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍  അടക്കമുള്ള മുഴുവന്‍ ഇന്ത്യന്‍ സമൂഹത്തിന്റെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായി ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ അറിയിച്ചു. 

ഏപ്രില്‍ മാസം മുതല്‍ സ്‌കൂള്‍ തുറക്കുന്നതുവരെ ട്രാന്‍സ്‌പോര്‍ട്ട് ഫീസ് വാങ്ങേണ്ടതില്ലെന്ന് സ്‌കൂള്‍ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.  ഏപ്രിലില്‍ ഇതിനകം ട്രാന്‍സ്‌പോര്‍ട് ഫീ അടച്ചവര്‍ക്കു അത് സ്‌കൂള്‍ ഫീസില്‍ ഇളവുചെയ്തു കൊടുക്കും. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയും ഭരണ സമിതിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അധ്യാപകരുടെയും  അഭ്യുദയകാംഷികളുടെയും സഹകരണത്തോടെ ഇപ്പോള്‍ തന്നെ സഹായിക്കുന്നുണ്ട്. അത്തരം കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് തീര്‍ത്തും രഹസ്യ സ്വഭാവത്തോടെയാണ് സ്‌കൂളിന്റെ  സഹായ പ്രവര്‍ത്തങ്ങള്‍ നടത്തി വരുന്നത്. 

കൊവിഡ് 19ന്റെ ഭീഷണിയുടെ സാഹചര്യത്തില്‍ രക്ഷാകര്‍തൃ സമൂഹത്തിലേതടക്കം ഇന്ത്യന്‍ സമൂഹത്തിലെ ആര്‍ക്കെങ്കിലും ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിന് അനിവാര്യമായ  എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെയോ, അഭ്യുദയ കാംഷികളെയോ, അധ്യാപകരെയോ സമീപിച്ചാല്‍ സ്‌കൂളിന്റെ പരിമിതിക്കുള്ളില്‍ നിന്നു  ചെയ്തുകൊടുക്കുമെന്നും ചെയര്‍മാന്‍ പ്രിന്‍സ് നടരാജനും സ്‌കൂള്‍ സെക്രട്ടറി സജി ആന്റണിയും അറിയിച്ചു.   

ഏപ്രില്‍ 12നാണു പുതിയ അധ്യയന വര്‍ഷത്തെ ക്‌ളാസുകള്‍ ആരംഭിക്കുന്നത്. അതിനു മുന്നോടിയായി  പത്തും പന്ത്രണ്ടും കഌസുകളിലെ അധ്യാപകര്‍ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത വിഡിയോ ക്‌ളാസുകളും അനുബന്ധ നോട്‌സുകളും സ്‌കൂളിന്റെ പേരന്റ്‌സ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയ ലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി  പാലിച്ചുകൊണ്ടാണ് ഇപ്പോള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. പുതിയ അധ്യയന വര്‍ഷത്തെ കഌസുകള്‍ തുടങ്ങുന്നതിന്റെ വിശദ  വിവരങ്ങള്‍ രക്ഷിതാക്കളെ നേരിട്ടറിയിക്കുമെന്നും പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമിയും റിഫ കാമ്പസ് പ്രിന്‍സിപ്പല്‍ പമേല സേവ്യറും പറഞ്ഞു. 

Follow Us:
Download App:
  • android
  • ios