റിയാദ്: മസ്തിഷ്ക മരണം സംഭവിച്ച സൗദി വനിതയുടെ അവയവങ്ങ്ള്‍ ജീവന്‍ നല്‍കിയത് ഏഴുപേര്‍ക്ക്. ഏഴ് ജീവനുകള്‍. ശനിയാഴ്ചയാണ് റിയാദിലും ദമ്മാമിലുമായി സൗദി വൈദ്യ സംഘം കൂട്ട അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയുടെ കരള്‍ രണ്ടായി പകുത്ത് രണ്ടുപേര്‍ക്കും വൃക്കയും പാന്‍ക്രിയാസ് ഗ്രന്ഥിയും ഒരാള്‍ക്കും ശ്വാസകോശങ്ങള്‍ രണ്ടുപേര്‍ക്കും ഹൃദയവും മറ്റൊരു ആന്തരീകാവയവും ഓരോരുത്തര്‍ക്കും വീതമാണ് മാറ്റി വെച്ച് രോഗാവസ്ഥയിലായിരുന്ന ഏഴുപേരെയും രക്ഷിച്ചതെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് റബീഅ ട്വീറ്ററില്‍ കുറിച്ചു. 

ഈ ശസ്ത്രക്രിയകളെല്ലാം പൂര്‍ത്തിയാക്കിയത് സൗദി സര്‍ജന്മാരാണെന്നും മന്ത്രി പറഞ്ഞു. അവയങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിച്ച മരിച്ച വനിതയുടെ കുടുംബാംഗങ്ങളോട് അദ്ദേഹം നന്ദി അറിയിച്ചു. റിയാദിലെ കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലും ദമ്മാമിലെ കിങ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിലുമാണ് അവയവ മാറ്റ ശസ്ത്രക്രിയകളെല്ലാം നടന്നത്. അവയവദാനം മനുഷ്യ ജീവനുകളെ രക്ഷിക്കാനുള്ളതാണെന്നും നൂറുകണക്കിന് ആളുകളാണ് ഓരോ വര്‍ഷവും മാറ്റിവെക്കാനുള്ള അവയദൗര്‍ലഭ്യം കാരണം മരണപ്പെടുന്നതെന്നും ഡോ. തൗഫീഖ് റബീഅ കൂട്ടിച്ചേര്‍ത്തു. 

തന്‍റെ മകളുടെ ജീവന്‍, മസ്തിഷ്ക മരണം സംഭവിച്ച വനിതയുടെ അവയവം മാറ്റിവച്ചതിലൂടെ രക്ഷിക്കാനായെന്ന് വരീഫ് എന്ന പെണ്‍കുട്ടിയുടെ പിതാവായ സൗദി പൗരന്‍ പറഞ്ഞു. സൗദി അറേബ്യ വളരെ മുമ്പ് മുതലേ അവയവദാനത്തെ പ്രോത്സാഹിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഓരോ വര്‍ഷം കഴിയുന്തോറും അവയവദാനത്തിന് തയാറാകുന്ന പൗരന്മാരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നിട്ടും ആവശ്യമുള്ളതിനെക്കാള്‍ വളരെ കുറഞ്ഞ തോതിലെ അവയവങ്ങള്‍ ലഭ്യമാകുന്നുള്ളൂ എന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. 

അവയവദാനത്തിന് തയ്യാറാകുന്നവരുടെ രജിസ്ട്രേഷന് വേണ്ടി സര്‍ക്കാര്‍ തലത്തില്‍ ഒരു വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. മരണാനന്തരം തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരാകുന്നവരെ സഹായിക്കാനും രജിസ്ട്രേഷനും ഈ സൈറ്റ് സൗകര്യമൊരുക്കുന്നു. മരണാനന്തരം അവയവ ദാന സന്നദ്ധതയുള്ളവര്‍ക്ക് ഈ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. തീരുമാനം മാറിയാല്‍ രജിസ്ട്രേഷന്‍ പിന്‍വലിക്കാനുള്ള സൗകര്യവുമുണ്ട്. അവയവ കച്ചവടത്തെ ഇല്ലായ്മ ചെയ്യാനും അവയവദാനം നിയമാനുസൃത നിയന്ത്രണത്തിലാക്കാനും തയ്യാറാക്കിയ പദ്ധതിക്ക് കഴിഞ്ഞമാസമാണ് സൗദി ശൂറ കൗണ്‍സില്‍ (സൗദി പാര്‍ലമെന്‍റ്) അംഗീകാരം നല്‍കിയത്. അവയവദാനം ഒരു സംസ്കാരമായി വളര്‍ത്താനും പടര്‍ത്താനും ലക്ഷ്യമിടുന്നതാണ് ഈ പദ്ധതി.