സുസ്ഥിര സ്‌പേസ് ലോജിസ്റ്റിക്‌സ്, റേഡിയോ അസ്‌ട്രോണമി, ബഹിരാകാശ അവശിഷ്ടങ്ങളുടെ കൈകാര്യം, യുവ സമൂഹത്തില്‍ നടത്തേണ്ടുന്ന വിദ്യാഭ്യാസ വ്യാപന പരിപാടികള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

ദുബൈ: എക്‌സ്‌പോ 2020യിലെ സ്വിസ്സ് പവലിയന്‍ സംഘടിപ്പിച്ച ബഹിരാകാശ വാരം നൂറുകണക്കിന് സന്ദര്‍ശകരെയും ശാസ്ത്ര കുതുകികളെയും ഹഠാദാകര്‍ഷിച്ചു. ലോകമെങ്ങുമുള്ള ബഹിരാകാശ വിദഗ്ധര്‍ സംഗമിച്ച പ്രധാനപ്പെട്ട ഈ വാരത്തില്‍, സുസ്ഥിര സ്‌പേസ് ലോജിസ്റ്റിക്‌സ്, റേഡിയോ അസ്‌ട്രോണമി, ബഹിരാകാശ അവശിഷ്ടങ്ങളുടെ കൈകാര്യം, യുവ സമൂഹത്തില്‍ നടത്തേണ്ടുന്ന വിദ്യാഭ്യാസ വ്യാപന പരിപാടികള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

'സ്വിസ്സ് പവലിയന്‍ സംഘടിപ്പിച്ച ഈ ബഹിരാകാശ വാരത്തില്‍ പങ്കെടുക്കാനായതിലും ലോകമെങ്ങുമുള്ള മറ്റു വിദഗ്ധരുമായി കാണാനായതിലും എനിക്കേറെ സന്തോഷമുണ്ട്' -പങ്കാളികളിലൊരാളായ പ്രഥമ സ്വിസ്സ് ബഹിരാകാശ സഞ്ചാരിയായ പ്രൊഫ. ക്‌ളോഡ് നികോളിയര്‍ പറഞ്ഞു. ''ബഹിരാകാശ മേഖലയില്‍ സ്വിറ്റ്‌സര്‍ലാന്റ് സ്വന്തമാക്കിയ നേട്ടങ്ങള്‍ എടുത്തു കാട്ടാനും, കൂടാതെ പ്രചോദനത്തിന്റെയും വൈജ്ഞാനികതയുടെയും ലോകത്തിന്റെ മെച്ചമായ ഒരു നാളെയുടെയും കാര്യം പരിഗണിക്കാനും തീര്‍ച്ചയായും ഇത് വലിയൊരു അവസരമാണ്'' -അദ്ദേഹം വ്യക്തമാക്കി.

ഇപിഎഫ്എലില്‍ നിന്നുള്ള പ്രൊഫ. ഴാംങ് പോള്‍ നീബ് സുസ്ഥിര ബഹിരാകാശ ലോജിസ്റ്റിക്‌സ് സംബന്ധിച്ച് ചര്‍ച്ച നടത്തി. ബഹിരാകാശ വ്യവസായം നിര്‍ണായകമായ ഒരു വാണിജ്യ പ്രവര്‍ത്തനമായി വികസിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, തങ്ങളുടെ സുസ്ഥിരതാ റേറ്റിംഗ് സംബന്ധിച്ച് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ ബഹിരാകാശ മേഖലയില്‍ നിന്നുള്ള ഉന്നത തല പ്രതിനിധി സംഘം പരിപാടിയില്‍ സംബന്ധിച്ചു.

ജാപ്പനീസ് പവലിയന്റെയും യുഎഇ യൂണിവേഴ്‌സിറ്റിയുടെയും സഹകരണത്തില്‍ നടന്ന പരിപാടിയില്‍ പ്രൊഫ. നികോളിയറും നവോക യമസാകിയും അതിഥി പ്രഭാഷകരായിരുന്നു. തങ്ങളുടെ വ്യക്തിഗതാനുഭവങ്ങള്‍ നല്‍കുമ്പോള്‍ തന്നെ, ബഹിരാകാശ സഞ്ചാരികളെ ദൗത്യത്തിലേക്ക് നയിക്കുന്നത് എന്തൊകെയാണെന്ന അവതരണം ആവേശകരവുമായിരുന്നു. ഇപിഎഫ്എല്‍ ഇസ്‌പേസിലെ ഇമ്മാനുവല്‍ ഡേവിഡും സ്‌പേസ് അറ്റ് യുവര്‍ സര്‍വീസിലെ ക്‌ളോ കാരയ്‌റും യുഎഇ യൂണിവേഴ്‌സിറ്റിയുടെ ഡോ. ആഖിബ് മോയിനും യുഎഇ യൂണിവേസിറ്റി സഹകരണത്തില്‍ നടത്തിയ ശില്‍പശാലയില്‍ ബഹിരാകാശ ശാസ്ത്രവും വിദ്യാര്‍ത്ഥി വ്യാപനവും സുസ്ഥിരതയുമാണ് യുവ ശാക്തീകരണത്തിന്റെ മാര്‍ഗം എന്നതു സംബന്ധിച്ച രൂപരേഖ അവതരിപ്പിച്ചു. 

ബഹിരാകാശ അവശിഷ്ടങ്ങള്‍: വിവര സ്വരൂപണവും പ്രശ്‌ന പരിഹാരവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ ശൂന്യാകാശത്ത് മാലിന്യങ്ങള്‍ ഉയര്‍ന്നു വരുന്നത് സംബന്ധിച്ച് ക്‌ളിയര്‍ സ്‌പേസിലെ ലൂക് പിഗ്വേ, ഓസ്റ്റിന്‍ ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. മൊറിബ ഝാ, ബേണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. തോമസ് ഷില്‍നെഷ് എന്നിവര്‍ പങ്കെടുത്തു. ബ്രസീലിയന്‍ സ്‌പേസ് ഏജന്‍സിയില്‍ നിന്നുള്ള ഉന്നത തല പ്രതിനിധിസംഘം സെഷനില്‍ സന്നിഹിതരായിരുന്നു.

വിദ്യാഭ്യാസം, ഗവേഷണം, നവീകരണം, ഇപിഎഫ്എല്‍ സ്‌പേസ് സെന്റര്‍ (ഇസ്‌പേസ്), ക്‌ളിയര്‍ സ്‌പേസ്, സ്‌പേസ് അറ്റ് യുവര്‍ സര്‍വീസ്, യുഎഇ യൂണിവേഴ്‌സിറ്റി, ഓസ്‌ട്രേലിയന്‍-ജാപ്പനീസ്-ഇന്ത്യന്‍ പവലിയനുകള്‍ എന്നിവയുടെ സഹകരണത്തില്‍ സ്വിറ്റ്‌സര്‍ലാന്റിനെ ലോകവുമായി ബന്ധിപ്പിക്കുന്ന ആഗോള നെറ്റ്‌വര്‍ക്കായ സ്വിസ്സ്‌നെക്‌സ് സഹകരണത്തിലാണ് ബഹിരാകാശ വാരം ഒരുക്കിയത്.