മഹാമാരിയുടെ കാലത്ത് യുഎഇ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിലൂടെ ലോകത്തുതന്നെ കൊവിഡിനെ ഏറ്റവും മികച്ച രീതിയില്‍ നേരിട്ട രാജ്യങ്ങളിലൊന്നായി മാറാന്‍ സാധിച്ചുവെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്‍തു. 

അബുദാബി: യുഎഇയില്‍ കൊവിഡ് മഹാമാരി കാരണമായുണ്ടായ ഏറ്റവും മോശം സമയം അവസാനിച്ചുവെന്ന് ശൈഖ് മുഹമ്മദ്. ഞായറാഴ്‍ച ഖസ്‍ര്‍ അല്‍ വത്വനില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിന് അധ്യക്ഷത വഹിക്കവെയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇക്കാര്യം അറിയിച്ചത്.

മഹാമാരിയുടെ കാലത്ത് യുഎഇ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിലൂടെ ലോകത്തുതന്നെ കൊവിഡിനെ ഏറ്റവും മികച്ച രീതിയില്‍ നേരിട്ട രാജ്യങ്ങളിലൊന്നായി മാറാന്‍ സാധിച്ചുവെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്‍തു. ഓഗസ്റ്റ് 24 മുതല്‍ രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെയായി തുടരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് യുഎഇ വൈസ് പ്രസിഡന്റിന്റെ ശുഭാപ്‍തി വിശ്വാസം നിറഞ്ഞ പുതിയ പ്രഖ്യാപനം പുറത്തുവരുന്നത്. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ നൂറ് ശതമാനത്തില്‍ എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. ഇന്നുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 87 ശതമാനത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 76 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തുകഴിഞ്ഞവരുമാണ്.