Asianet News MalayalamAsianet News Malayalam

യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞവര്‍ക്കും നിയമ ലംഘകര്‍ക്കും പിഴയില്ലാതെ രാജ്യം വിടാന്‍ മൂന്ന് മാസത്തെ സമയം

എന്‍ട്രി, വിസ നിയമ ലംഘകര്‍ക്ക് പുറമെ സ്‍പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയവര്‍, മാര്‍ച്ച് ഒന്നിന് മുമ്പ് തൊഴില്‍ കരാറുകളും ലേബര്‍ കാര്‍ഡുകളും ലംഘിച്ചവര്‍ എന്നിവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. 

thee month grace for UAE visa violators who want to leave the country
Author
Abu Dhabi - United Arab Emirates, First Published May 20, 2020, 9:34 AM IST

അബുദാബി: യുഎഇയില്‍ വിസാ നിയമങ്ങള്‍ ലംഘിച്ച് തുടരുന്നവര്‍ക്ക് പിഴകളില്ലാതെ രാജ്യം വിടാന്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചു. മേയ് 18 മുതലാണ് ഇളവ് പ്രാബല്യത്തില്‍ വന്നത്.  താമസ വിസയുടെ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി രാജ്യത്ത്കഴിയുന്നവര്‍, സന്ദര്‍ശക വിസയിലെത്തി വിസാ കാലാവധി അവസാനിച്ചിട്ടും മടങ്ങാത്തവര്‍, തൊഴില്‍ കരാര്‍, എമിറേറ്റ്സ് ഐഡി എന്നിവയുടെ കാലാവധി കഴിഞ്ഞവര്‍ തുടങ്ങിയവര്‍ക്ക് പിഴയൊന്നും അടയ്ക്കാതെ രാജ്യം വിടാം. 

മാര്‍ച്ച് ഒന്നിന് മുമ്പ് രേഖകളുടെ കാലാവധി കഴിഞ്ഞവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പുതിയ ഇളവുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പും വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തില്‍ അറിയിച്ചു. കൊവിഡ് കാലത്ത് ജനജീവിതം സ്തംഭിച്ചതിനാവല്‍ പലര്‍ക്കും താമസ വിസകള്‍ പുതുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ എല്ലാ റെസിഡന്‍സി , എന്‍ട്രി നിയമ ലംഘകര്‍ക്കും പിഴയൊന്നും അടയ്ക്കാതെ അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് താമസകാര്യ വകുപ്പിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിനേഴ്സ് അഫയേഴ്സ് ആന്റ് പോര്‍ട്ട്സ് മേജര്‍ ജനറല്‍ സഈദ് റക്കാന്‍ അല്‍ റാഷിദി പറഞ്ഞു.

എന്‍ട്രി, വിസ നിയമ ലംഘകര്‍ക്ക് പുറമെ സ്‍പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടിയവര്‍, മാര്‍ച്ച് ഒന്നിന് മുമ്പ് തൊഴില്‍ കരാറുകളും ലേബര്‍ കാര്‍ഡുകളും ലംഘിച്ചവര്‍ എന്നിവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. എന്നാല്‍ വിസ ശരിയാക്കി യുഎഇയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇളവുകള്‍ ലഭിക്കില്ല. രാജ്യം വിടാനാഗ്രഹിക്കുന്നവര്‍ക്ക് മാത്രമാണ് ആനുകൂല്യം. ഇവര്‍ക്ക് പിന്നീട് മറ്റ് തൊഴില്‍ വിസകളില്‍ വീണ്ടും മടങ്ങിവരാനുമാവും. കൂടുതല്‍ വിവരങ്ങള്‍ മേയ് 21ന് ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലവധി അവസാനിച്ചവര്‍ക്ക് ഈ വര്‍ഷം അവസാനം വരെ രാജ്യത്ത് തുടരാമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios