ഭാര്യയുടെ ജന്മദിനത്തിന് ബന്ധുക്കളെ ക്ഷണിക്കാനായി ഭാര്യയും ഭര്‍ത്താവും പുറത്തുപോയതായിരുന്നു.
ദുബൈ: ദുബൈയില്‍ അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച. 180,000 ദിര്‍ഹം മൂല്യമുള്ള വസ്തുക്കളാണ് നഷ്ടമായത്. ദുബൈയിലെ അല്‍ ഫുര്‍ജാനില്‍ താമസിക്കുന്ന വിദേശ പൗരന്മാരുടെ വില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്.
ഭാര്യയുടെ ജന്മദിനത്തിന് ബന്ധുക്കളെ ക്ഷണിക്കാനായി ഭാര്യയും ഭര്‍ത്താവും പുറത്തുപോയതായിരുന്നു. വീട്ടില്‍ വളര്‍ത്തുന്ന ആമയ്ക്ക് തീറ്റ കൊടുക്കാനായി തിങ്കളാഴ്ച എത്തിയ മകനാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രാത്രി എട്ടിനും 9.15നും ഇടയിലാണ് മോഷണം നടന്നതെന്നാണ് മനസ്സിലായത്. മുന്‍ഭാഗത്തെ വാതില്‍ അകത്ത് നിന്ന് ചെയിന്‍ ലോക്ക് ചെയ്ത നിലയിലായിരുന്നു. പിന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിന് അകത്ത് കയറിയത്. രണ്ട് ലോക്കറുകളാണ് നഷ്ടപ്പെട്ടത്. ഇതില്‍ ഒരെണ്ണത്തിന് 50 കിലോ ഭാരമുണ്ട്.
സ്വര്‍ണം, വെള്ളി ആഭരണങ്ങളും കുറച്ച് യൂറോയും വിലയേറിയ വാച്ചും നഷ്ടമായിട്ടുണ്ട്. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടുത്താനായി വിലപ്പെട്ട രേഖകളെല്ലാം സൂക്ഷിച്ചിരുന്ന ലോക്കറാണ് നഷ്ടപ്പെട്ടത്. ജന്മനാട്ടിലുള്ള വീടിന്റെയും കാറിന്റെയും താക്കോൽ സൂക്ഷിച്ചിരുന്നത് ഈ ലോക്കറിലാണ്. വാര്‍ഡ്രോബുകളും ബെഡ്ഷീറ്റുകളുമെല്ലാം വലിച്ചിട്ട നിലയിലാണ്.
ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിഐഡി, ഫിഗംര്‍ പ്രിന്റ് വിഗദ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. നഷ്ടപ്പെട്ട ആഭരണങ്ങൾ ദുബൈയിലെ സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ വിൽക്കണമെങ്കിൽ കൃത്യമായ വൗച്ചറുകളും എമിറേറ്റ്സ് ഐ.ഡിയും ഹാജരാക്കണമെന്നാണ് നിയമം. അതിനാല്‍ മോഷണ വസ്തുക്കൾ ദുബൈ വിപണികളിൽ വിൽപന നടത്താനുള്ള സാധ്യത കുറവാണ്. മോഷ്ടാക്കളെ എത്രയും വേഗം പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ്.
