കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ ഹജ്ജ് കര്‍മത്തിന് സൗദിക്ക് പുറത്തു നിന്നും വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് ഓരോ രാജ്യത്തിനുമുള്ള തീര്‍ത്ഥാടകരുടെ എണ്ണം നിശ്ചയിച്ചതായി വിവരം. ഇന്ത്യയില്‍ നിന്നും 79,237 തീര്‍ത്ഥാടകര്‍ക്ക് അവസരമുണ്ടാവുമെന്നാണ് സൂചന. ഇതുസംബന്ധിച്ച വിവരം സൗദി ഹജ്ജ് മന്ത്രാലയത്തില്‍ നിന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന് ലഭിച്ചതായാണ് വിവരം. എന്നാല്‍ ഇക്കാര്യം ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ ഹജ്ജ് കര്‍മത്തിന് സൗദിക്ക് പുറത്തു നിന്നും വിദേശ തീര്‍ത്ഥാടകര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഈ വര്‍ഷം നിയന്ത്രണങ്ങളോടെ രാജ്യത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി 10 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിന് അവസരമുണ്ടാവുമെന്ന് ഹജ്ജ് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇവരില്‍ എട്ടര ലക്ഷം തീര്‍ത്ഥാടകരും വിദേശ രാജ്യങ്ങളില്‍ നിന്നായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് ഓരോ രാജ്യങ്ങള്‍ക്കുമുള്ള ക്വാട്ട നിശ്ചയിച്ചിരിക്കുന്നത്.