വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്ന ശൈഖ് സബാഹിന് 91 വയസായിരുന്നു. ആധുനിക കുവൈത്തിന്‍റെ ശില്പികളില്‍ ഒരാളായ അമീര്‍ 40 വര്‍ഷം കുവൈത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 2006ലാണ് കുവൈത്ത് അമീറായി സ്ഥാനമേറ്റെടുത്തത്.

മസ്ക്കറ്റ്: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ വിയോഗത്തെ തുടർന്ന് ഒമാൻ മൂന്ന് ദിവസത്തെ ദുഃഖാചരണവും പൊതു അവധിയും പ്രഖ്യാപിച്ചു. സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തെ അവധിയും ഒപ്പം എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ദേശിയ പതാക താഴ്ത്തികെട്ടുകയും ചെയ്യുമെന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക് അൽ സൈദ് പ്രഖ്യാപിച്ചു.

Add Asianetnews as a Preferred SourcegooglePreferred

അവധിക്ക് ശേഷം ഞാറാഴ്ച മുതൽ എല്ലാ സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിച്ചു തുടങ്ങുമെന്നും ദിവാൻ റോയൽ കോർട്ടിന്റെ അറിയിപ്പിൽ പറയുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്ന ശൈഖ് സബാഹിന് 91 വയസായിരുന്നു.

ആധുനിക കുവൈത്തിന്‍റെ ശില്പികളില്‍ ഒരാളായ അമീര്‍ 40 വര്‍ഷം കുവൈത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 2006ലാണ് കുവൈത്ത് അമീറായി സ്ഥാനമേറ്റെടുത്തത്. കുവൈത്തിന്‍റെ പതിനഞ്ചാം അമീറായിരുന്നു ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്.

ജൂലൈയിലാണ് അമീറിനെ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയത്. 2014ൽ ഐക്യരാഷ്ട്രസഭ മാനുഷിക സേവനത്തിൻ്റെ ലോകനായക പട്ടം നൽകി ആദരിച്ചിരുന്നു. നേരത്തെ, കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്‍റെ നിര്യാണത്തില്‍ യുഎഇയും മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.

വിടവാങ്ങിയ കുവൈത്ത് അമീര്‍ ശൈഖ് സബാഹിനോടുള്ള ആദരസൂചകമായി രാജ്യത്ത് മൂന്ന് ദിവസം ദുഃഖാചരണം നടത്തുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‍യാൻ അറിയിച്ചു. യുഎഇ പതാക പകുതി താഴ്ത്തിക്കെട്ടും.