മസ്കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാസൂസ് ബിന്‍ സയിദിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് മൂന്ന് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഒമാനില്‍ 40 ദിവസമാണ് ഔദ്യോഗിക ദുഃഖാചരണം. ഇക്കാലയളവില്‍ ദേശീയപാതക പകുതി താഴ്ത്തിക്കെട്ടു. വെള്ളിയാഴ്ച രാത്രിയാണ് ഒമാന്‍ ഭരണാധികാരി അന്തരിച്ചത്. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ  റോയൽ കോർട്ട് അഫേർസ്സ്‌ മരണവാര്‍ത്ത ഔദ്യോഗികമായി പുറത്തു വിടുകയായിരുന്നു. 

അറബ് ലോകത് ഏറ്റവും കൂടുതൽ കാലം ഭരണ തലപ്പത്തിരുന്ന വ്യക്തിയായ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ്  ഒമാന്റെ ഭരണസാരഥ്യം ഏറ്റെടുത്ത് അൻപതാം വർഷത്തിലാണ് വിടപറയുന്നത്.  ഒമാൻ എന്ന രാജ്യത്തിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്കു കാരണക്കാരനായ ഭരണാധികാരി അഞ്ചുവര്‍ഷത്തിലേറെയായി അര്‍ബുദ രോഗബാധിതനായിരുന്നു. 2014 ഓഗസ്റ്റിൽ  ഇദ്ദേഹം  ജർമനിയിലേക്ക്  പോകുകയും എട്ടു മാസത്തെ ചികിത്സക്ക് ശേഷം 2015 മാർച്ചിൽ രാജ്യത്ത് മടങ്ങിയെത്തുകയും ചെയ്തിരുന്നു. തുടർന്ന് സജീവമായി ഭരണ കാര്യങ്ങളിൽ ഇടപെട്ടു വരികയായിരുന്നു. 

എന്നാൽ ഈ ഡിസംബർ മാസമാദ്യത്തോടെ രോഗം മൂർച്ഛിക്കുകയും ചികിത്സക്കായി ഡിസംബർ ഏഴിന് സുൽത്താൻ ഖാബൂസിനെ ബെൽജിയത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു. ജനുവരി അവസാനം വരെ ചികിത്സക്കായി ബെൽജിയത്തിൽ  തങ്ങാനുള്ള  ക്രമീകരണങ്ങൾ ഒരുക്കിയിരുന്നെങ്കിലും നില വഷളാകുന്നതിനാൽ അദ്ദേഹത്തെ മസ്‍കത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. വിശ്രമത്തില്‍ കഴിയവെ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. 

ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുല്‍ത്താനായി 1970 ജൂലായ് 23നാണ് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അധികാരമേറ്റത്. പിതാവിൽ നിന്നാണ് അദ്ദേഹം ഒമാന്റെ ഭരണമേറ്റെടുത്തത്. വിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതികം, ആരോഗ്യം, വ്യവസായം, വാണിജ്യം തുടങ്ങിയ മേഖലകളിലെല്ലാം ഒമാൻ ഇക്കാലയളവിൽ വളർച്ച കൈവരിച്ചു.  

സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും മാസൂണ്‍ അല്‍ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബര്‍ 18ന് സലാലയിലായിരുന്നു ജനനം. അവിവാഹിതനാണ്. പുണെയിലും സലാലയിലുമായി  പ്രാഥമികവിദ്യാഭ്യാസം നേടിയ സുല്‍ത്താന്‍  ഇന്ത്യയുമായി എന്നും സവിശേഷബന്ധം പുലര്‍ത്തിയ വ്യക്തിയാണ്.  അറബ് ലോകത്തെ സമാധാന ദൂതൻ കൂടിയായിരുന്നു അദ്ദേഹം. നേരത്തെ അമേരിക്ക-ഇറാൻ പ്രശ്നം ഉണ്ടായപ്പോൾ സുൽത്താൻ ഖാബൂസ് ഇടപെട്ടു സമാധാനം ഉറപ്പുവരുത്തി. 

സ്വദേശികൾക്കു പുറമെ ഒമാനിലെ ലക്ഷകണക്കിന് വരുന്ന മലയാളികൾ ഉൾപെടുന്ന പ്രവാസി സമൂഹത്തിന് മികച്ച ജീവിത സൗകര്യങ്ങൾ ഉറപ്പു വരുത്തിയ രാജാവിന്റെ വിയോഗത്തിലൂടെ പ്രിയങ്കരനായ ഭരണാധികാരിയെയാണ് ഒമാനു നഷ്ടമായത്.