ദുബായ്: അപകടത്തെ തുടര്‍ന്ന് കാറുകള്‍ക്ക് തീപ്പിടിച്ച് ദുബായില്‍ മൂന്നുപേര്‍ മരിച്ചു. ശൈഖ് സായിദ് റോഡിലാണ് അപകടമുണ്ടായത്. രണ്ടു സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടെ മരിച്ച മൂന്നുപേരും ഏഷ്യക്കാരാണ്. 

നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വാഹനങ്ങള്‍ക്ക് തീപ്പിടിക്കുകയായിരുന്നെന്ന് ജബല്‍ അലി പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ സുവൈദി പറഞ്ഞു. കത്തി നശിച്ച ഒരു കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. വാഹനാപകടം നടന്ന സ്ഥലത്ത് നിര്‍ത്തിയ കാറിന് പിന്നില്‍ മറ്റൊരു കാര്‍ വന്ന് ഇടിച്ചതിനെ തുടര്‍ന്നാണ് അഗ്നിബാധയുണ്ടായത്.  

ഇതിന് പിന്നാലെ മറ്റ് രണ്ട് കാറുകള്‍ കൂടി ഇടിച്ചു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് പട്രോള്‍ സംഘം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും കാറിലുണ്ടായിരുന്നവര്‍ മരിക്കുകയായിരുന്നെന്ന് അല്‍ സുവൈദി അറിയിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.