സബ്സിഡി വാട്ടർ റീഫിൽ കാർഡുകൾ അനധികൃതമായി വിൽപ്പന നടത്തിയ മൂന്ന് പ്രവാസികൾ അറസ്റ്റിൽ. വൈദ്യുതി-ജല മന്ത്രാലയം നൽകുന്ന കാർഡുകൾ അനധികൃതമായി വിൽക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 250 വാട്ടർ കാർഡുകൾ, നിരവധി ശേഖരണ ഇൻവോയിസുകൾ, ബാങ്ക് രേഖകൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.
കുവൈത്ത്: സബ്സിഡി വാട്ടർ റീഫിൽ കാർഡുകൾ അനധികൃതമായി വിൽപ്പന നടത്തിയതിന് ഏഷ്യൻ സ്വദേശികളായ മൂന്ന് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
വൈദ്യുതി-ജല മന്ത്രാലയം നൽകുന്ന കാർഡുകൾ അനധികൃതമായി വിൽക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 250 വാട്ടർ കാർഡുകൾ, നിരവധി ശേഖരണ ഇൻവോയിസുകൾ, ബാങ്ക് രേഖകൾ എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു. ഈ കാർഡുകൾ വ്യക്തികൾക്കും ടാങ്കർ ഉടമകൾക്കും അവരുടെ ഉപയോഗത്തിനായി മാത്രമാണ് നൽകുന്നത്. വിൽപ്പനയ്ക്ക് അനുവദനീയമല്ല. പ്രതികൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. സർക്കാർ സബ്സിഡി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.


