Asianet News MalayalamAsianet News Malayalam

500 ദിര്‍ഹത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മൂന്ന് പ്രവാസികള്‍ക്ക് ശിക്ഷ

സംഘത്തിലൊരാളുടെ സഹോദരന് എന്‍ട്രി വിസ സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് പരാതിക്കാരനായ യുവാവ് 500 ദിര്‍ഹം കൈപ്പറ്റിയിരുന്നു. എന്നാല്‍ വിസ നല്‍കിയില്ലെന്ന് മാത്രമല്ല, വാങ്ങിയ പണം തിരികെ നല്‍കാതിരിക്കുകയും ചെയ്‍തു. 

three expats jailed for kidnapping man over AED 500 in Dubai UAE
Author
First Published Sep 2, 2022, 10:29 PM IST

ദുബൈ: 500 ദിര്‍ഹത്തിന്റെ പേരില്‍ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി 15 മണിക്കൂര്‍ തടങ്കലില്‍ വെച്ചിരുന്ന സംഭവത്തില്‍ മൂന്ന് പ്രവാസികള്‍ക്ക് ശിക്ഷ. ദുബൈയിലെ അല്‍ റഖയിലായിരുന്നു സംഭവം. കേസ് പരിഗണിച്ച ദുബൈ കോടതി, മൂന്ന് പ്രതികള്‍ക്ക് ആറ് മാസം വീതം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായാല്‍ നാടുകടത്താനുമാണ് വിധിച്ചത്.

സംഘത്തിലൊരാളുടെ സഹോദരന് എന്‍ട്രി വിസ സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് പരാതിക്കാരനായ യുവാവ് 500 ദിര്‍ഹം കൈപ്പറ്റിയിരുന്നു. എന്നാല്‍ വിസ നല്‍കിയില്ലെന്ന് മാത്രമല്ല, വാങ്ങിയ പണം തിരികെ നല്‍കാതിരിക്കുകയും ചെയ്‍തു. യുവാവിനൊപ്പം നേരത്തെ ജോലി ചെയ്‍തിരുന്ന ഒരാളും തട്ടിക്കൊണ്ടുപോകല്‍ സംഘത്തിലുണ്ടായിരുന്നു. വഴിയിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ ആദ്യം ഒരാള്‍ തടഞ്ഞു നിര്‍ത്തുകയും പിന്നീട് സംഘത്തിലെ രണ്ട് പേര്‍ കൂടി ചേര്‍ന്ന് ബലമായി പിടിച്ച് അടുത്തുള്ള ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. 15 മണിക്കൂറാണ് ഇയാളെ ഇവിടെ തടങ്കലില്‍ വെച്ചിരുന്നത്.

നാട്ടിലുള്ള ഇയാളുടെ ബന്ധുക്കളെയും സമാനമായ തരത്തില്‍ തട്ടിക്കൊണ്ട് പോകുമെന്ന് സംഘാംഗങ്ങള്‍ ഭീഷണിപ്പെടുത്തിയതായി യുവാവ് പരാതിയില്‍ പറയുന്നു. ഇയാളുടെ മൊബൈല്‍ ഫോണും ഇവര്‍ വാങ്ങിവെച്ചു. എന്നാല്‍ ഏറെ നേരം കഴിഞ്ഞ് മൊബൈല്‍ ഫോണ്‍ കൈയില്‍ കിട്ടിയപ്പോള്‍ യുവാവ് ദുബൈ പൊലീസിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് സഹായം തേടി മെസേജ് അയക്കുകയായിരുന്നു.

സന്ദേശം കിട്ടിയ ഉടന്‍, പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് പരിശോധന നടത്താനുള്ള അനുമതി വാങ്ങിയ ശേഷം ദുബൈ പൊലീസ് സംഘം അപ്പാര്‍ട്ട്മെന്റിന് മുന്നിലെത്തി. വാതിലില്‍ മുട്ടിയപ്പോള്‍ പ്രതികളിലൊരാളാണ് വാതില്‍ തുറന്നത്. അകത്തു നിന്ന് യുവാവിന്റെ നിലവിളി കേട്ടതായും ഇവിടെ വെച്ചു തന്നെ മൂന്ന് പേരെയും അറസ്റ്റ് ചെയ്‍തുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയ ദുബൈ കോടതി കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചു.

Read also: മുനിസിപ്പാലിറ്റിയിലെ സ്വദേശിവത്കരണം; 132 പ്രവാസികള്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി

Follow Us:
Download App:
  • android
  • ios