Asianet News MalayalamAsianet News Malayalam

യുഎഇയില്‍ ബിസിനസുകാരനെ റോഡില്‍ വെച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു; മൂന്ന് പ്രവാസികള്‍ക്ക് ശിക്ഷ

പൊതു നിരത്തില്‍ വെച്ചാണ് മൂന്നംഗ സംഘം വ്യാപാരിയെ തടഞ്ഞുനിര്‍ത്തി ഉപദ്രവിച്ചതും പണം തട്ടിയതും. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു സംഭവം.

three expats jailed in UAE for stabbing a businessman
Author
Dubai - United Arab Emirates, First Published Oct 18, 2021, 11:56 AM IST

ദുബൈ: വ്യാപാരിയെ പിന്തുടര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിക്കുകയും (Stabbed) പണം കൊള്ളയടിക്കുകയും ചെയ്‍ത സംഭവത്തില്‍ മൂന്ന് വിദേശികള്‍ക്ക് (foreigners sentenced) ശിക്ഷ. ദേഹോപദ്രവമേല്‍പ്പിക്കല്‍, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയാണ് ദുബൈ ക്രിമിനല്‍ കോടതി (Dubai criminal court) പ്രതികള്‍ക്ക് വിധിച്ചത്. വ്യാപാരിയുടെ പക്കലുണ്ടായിരുന്ന 12,300 ദിര്‍ഹമാണ് സംഘം കൊള്ളയടിച്ചത്.

പൊതു നിരത്തില്‍ വെച്ചാണ് മൂന്നംഗ സംഘം വ്യാപാരിയെ തടഞ്ഞുനിര്‍ത്തി ഉപദ്രവിച്ചതും പണം തട്ടിയതും. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു സംഭവം. മൂന്നംഗ സംഘം തന്നെ കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്നും ഉപദ്രവിച്ചുവെന്നും പണം തട്ടിയെന്നും കാണിച്ച് വ്യാപാരി പരാതി നല്‍കുകയായിരുന്നു. മോഷ്‍ടാക്കളിലൊരാള്‍ തന്റെ ബന്ധുവാണെന്നും അദ്ദേഹം പറഞ്ഞു. 

തന്റെ പക്കലുണ്ടായിരുന്ന ഡോളറുകള്‍ യുഎഇ ദിര്‍ഹമാക്കി മാറ്റാനായി ഒരു മണി എക്സ്ചേഞ്ച് സെന്ററില്‍ പോയി തിരികെ വരുമ്പോള്‍ പ്രതികള്‍ തന്നെ പിന്തുടരുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയില്‍ ഒരിടത്തുവെച്ച് തന്നെ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുകയും ചെറിയ കത്തികൊണ്ട് രണ്ട് തവണ കുത്തുകയുമായിരുന്നു. സംഘത്തിലൊരാള്‍ ഈ സമയം പഴ്‍സ് കൈക്കലാക്കുകയും ചെയ്‍തുവെന്ന് പരാതിയില്‍ പറഞ്ഞു.  പരാതി ലഭിച്ചതിന് പിന്നാലെ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ദുബൈ പൊലീസ്, പ്രതികളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Follow Us:
Download App:
  • android
  • ios