റിയാദ്: സൗദി അറേബ്യയില്‍ ആക്രമിയുടെ വെടിയേറ്റ് രണ്ട് പൊലീസുകാരും മറ്റൊരു സൗദി പൗരനും കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിയാദില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനാണ് സംഭവം. സൗദി പൗരന്‍ കുടുംബ തര്‍ക്കം കാരണം തന്‍റെ ഭാര്യാസഹോദരനെ തോക്കിന്‍മുനയില്‍ തടഞ്ഞുവെച്ചിരിക്കുന്നതായി പൊലീസിന് വിവരം കിട്ടുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസിന് നേരെ അയാള്‍ വെടിയുതിര്‍ത്തു.

പിന്നീട് തുടര്‍ച്ചയായി ഇയാള്‍ വെടിയുതിര്‍ക്കാന്‍ തുടങ്ങി. ഇതേതുടര്‍ന്ന് തടഞ്ഞുവെച്ച ഭാര്യാസഹോദരനും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു. ഒരു പൊലീസുകാരെന്റ കാലിലും വെടിയേറ്റു. അവിടെ നിന്ന് മുങ്ങിയ പ്രതിയെ 300 കിലോമീറ്റര്‍ അകലെ നിന്നാണ് പിന്നീട് പിടികൂടിയത്. ഇയാളില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തി.