റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍  ഒരു കുട്ടിയടക്കം മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.  മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്ദുൽ റസാഖ് (49), ഭാര്യ ഫാസില, മകൾ ഫാത്തിമ റസാൻ എന്നിവരാണ് മരിച്ചത്. 

മദീന സന്ദർശനം പൂർത്തിയാക്കി ജിദ്ദയിലേക്ക് തിരിച്ച് വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്. മക്ക-മദീന ഹൈവേയില്‍ ജിദ്ദക്കും മദീനക്കും ഇടയിൽ അംന എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. മരണപ്പെട്ട അബ്‍ദുല്‍ റസാഖ് താഇഫിലാണ്  ജോലി ചെയ്തിരുന്നത്. ഇവിടെ കുടുംബ സമേതം താമസിച്ച് വരികയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സ്ഥലത്തേക്ക് സുഹൃത്തുക്കളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും എത്തിയിട്ടുണ്ട്.