ദുബൈ: ദുബൈയിലെ വില്ലയില്‍ അതിക്രമിച്ച് കയറുകയും ആഢംബര കാറിന്റെ താക്കോല്‍ മോഷ്ടിക്കുകയും ചെയ്ത മൂന്നുപേര്‍ക്ക് മൂന്നുവര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. അല്‍ മുറാഖാബത്ത് ഏരിയയില്‍ വ്യാപാരിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന 21നും 28നും ഇടയില്‍ പ്രായമുള്ള മൂന്ന് പാകിസ്ഥാനി യുവാക്കള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.

സ്വര്‍ണവും പണവും മോഷ്ടിക്കാനെത്തിയ ഇവര്‍ക്ക് കാറിന്റെ താക്കോലാണ് കൈക്കലാക്കാന്‍ കഴിഞ്ഞത്. യെമന്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. വെളുപ്പിനെ 3.30 മണിക്ക് മാസ്‌ക് ധരിച്ച മൂന്ന് പേര്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം വില്ലയുടെ വാതില്‍ തുറക്കാനുള്ള റിമോട്ട് സംവിധാനം എവിടെയാണെന്ന് ചോദിച്ചെന്നും അറിയില്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ മര്‍ദ്ദിച്ച് ബോധരഹിതനാക്കിയെന്നും വില്ലയിലെ 52കാരനായ ഇന്ത്യന്‍ ഡ്രൈവര്‍ പറഞ്ഞു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൂന്നുപേരെയും അറസ്റ്റ് ചെയ്തു. സ്വര്‍ണവും പണവും മോഷ്ടിക്കുക എന്ന ലക്ഷ്യത്തിലാണ് വ്യാപാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതെന്ന് ഇവര്‍ കുറ്റസമ്മതം നടത്തി. കാറിന്റെ താക്കോല്‍ മോഷ്ടിച്ചതിനും രണ്ടുപേരെ മര്‍ദ്ദിച്ചതിനും ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ മൂന്നുപേര്‍ക്കുമെതിരെ കുറ്റം ചുമത്തി. തുടര്‍ന്ന് ദുബൈ പ്രാഥമിക കോടതിയാണ് ഇവര്‍ക്ക് മൂന്നുവര്‍ഷം തടവുശിക്ഷയും ശേഷം നാടുകടത്തലും വിധിച്ചത്. പ്രതികള്‍ക്ക് വിധിയില്‍ 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാം.