ദുബായ്: ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍കൂടി മരിച്ചു. രോഗ ബാധിതരുടെ എണ്ണം 31,459 ആയി. യുഎഇയിലാണ് കൊവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ മരിച്ചത്.ഗുരുവായൂർ  കോട്ടപ്പടി താഴിശേരി സ്വദേശി പനക്കൽ ബാബുരാജ്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി  അജിത് കുമാർ എന്നിവരാണ് മരിച്ചത്. 

ഇതോടെ യുഎഇയില്‍ മരിച്ച മലയാളികളുടെ എണ്ണം 11 ആയി. ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ 31,459 കൊവിഡ് ബാധിതരാണുള്ളത്, മരണം 194ആയി. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ 11,631പേര്‍. അതേസമയം കൊവിഡ് ഭേദമായ  കാസര്‍കോട് ബെള്ളൂര്‍ കിന്നിംഗാർ സ്വദേശി കെകെ അബ്ദുൾ ഖാദര്‍ എന്നയാളും ഇന്ന് മരിച്ചു. രോഖമുക്തി നേടിയ ശേഷം ഹൃദയാഘാതം മൂലമാണ് അദ്ദേഹത്തിന്‍റെ മരണം.

യുഎഇയ്ക്കും കുവൈത്തിനും പിന്നാലെ  സൗദിയില്‍ കുടുങ്ങിയ വിദേശികളെ നാട്ടിലെത്തിക്കാന്‍ സൗദി എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാന സര്‍വീസ് തുടങ്ങി. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുവാനുള്ള  സര്‍വ്വീസ് ആരംഭിച്ചിട്ടില്ല. 

കൊവിഡ് 19 പ്രതിസന്ധിയുടെ ഭാഗമായി യുഎഇയിലെ സ്വകാര്യ മേഖലയില്‍ ജോലി നഷ്ടമാവുന്നവവര്‍ക്ക് താല്‍ക്കാലിക വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. മൂന്ന് മാസമോ ആറ് മാസമോ കാലാവധിയുള്ള വര്‍ക്ക് പെര്‍മിറ്റ്  അനുവദിക്കുമെന്നാണ് അറിയിപ്പ്. ഇതിനായി ജോലി നഷ്ടമാകുന്നവര്‍ക്ക് മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയവുമായി ബന്ധപ്പെടാം.

സ്വകാര്യ മേഖലയിലെ കമ്പനികള്‍ തൊഴിലാളികളുമായി ധാരണയുണ്ടാക്കാതെ അവരെ പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുതെന്നും മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായി തൊഴില്‍ നഷ്ടം ഭയക്കുന്ന പ്രവാസികള്‍ക്ക് തീരുമാനം ആശ്വാസമാകും.