നിര്‍മ്മാണം നടക്കുന്ന കെട്ടിടങ്ങളുടെ സമീപത്ത് നിന്ന് നിര്‍മാണ സാമഗ്രികളും മറ്റു വസ്തുക്കളും മോഷ്ടിച്ച് വില്‍പന നടത്തുകയാണ് സംഘത്തിന്റെ രീതി.

റിയാദ്: സൗദി അറേബ്യയില്‍ കെട്ടിട നിര്‍മ്മാണ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു കവര്‍ച്ച തൊഴിലാക്കിയ മൂന്നംഗ സംഘം പൊലീസ് കസ്റ്റഡിയില്‍. 650,000 റിയാല്‍ മൂല്യമുള്ള സാധന സാമഗ്രികള്‍ ഇവരില്‍ നിന്ന് പിടികൂടി. നിര്‍മ്മാണം നടക്കുന്ന കെട്ടിടങ്ങളുടെ സമീപത്ത് നിന്ന് നിര്‍മാണ സാമഗ്രികളും മറ്റു വസ്തുക്കളും മോഷ്ടിച്ച് വില്‍പന നടത്തുകയാണ് സംഘത്തിന്റെ രീതി.

പണി നടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ആളില്ലാത്ത സമയം നോക്കിയാണ് മോഷണം. ഇത്തരത്തില്‍ ദമ്മാം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ വീട്ടു വളപ്പുകളില്‍ നിന്നും ഖത്തീഫിലെ രണ്ട് സ്‌കൂളില്‍ നിന്നും കെട്ടിട സാമഗ്രികള്‍ മോഷ്ടിച്ചതായി കിഴക്കന്‍ പ്രവിശ്യ പോലീസ് വിഭാഗം ഔദ്യോഗിക വക്താവ് ഫഹദ് അല്‍ദുറൈഹീം അറിയിച്ചു. കേസിന്റെ തുടര്‍ നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.