സാമൂഹിക മാധ്യമങ്ങള്‍ വഴി വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ യുവാക്കളെ കണ്ടെത്താനായി ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ലെഫ്. കേണല്‍ സലീം ബൊര്‍ഹിബയുടെ നേതൃത്വത്തില്‍ വ്യാപക അന്വേഷണം നടത്തുകയായിരുന്നുവെന്ന് റാസല്‍ഖൈമ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി അബ്‍ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു.
റാസല്‍ഖൈമ: കാറുകളുമായി അഭ്യാസ പ്രകടനം നടത്തിയ മൂന്ന് യുവാക്കള്‍ റാസല്‍ഖൈമയില്‍ അറസ്റ്റിലായി. ഇവര്‍ തന്നെ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് റാസല്‍ഖൈമ പൊലീസിന്റെ നടപടി. പൊതുമുതല്‍ നശിപ്പിച്ചതിനും ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങള്‍ വഴി വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ യുവാക്കളെ കണ്ടെത്താനായി ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ലെഫ്. കേണല്‍ സലീം ബൊര്‍ഹിബയുടെ നേതൃത്വത്തില്‍ വ്യാപക അന്വേഷണം നടത്തുകയായിരുന്നുവെന്ന് റാസല്‍ഖൈമ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി അബ്‍ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. മൂന്ന് പേരെയും തിരിച്ചറിഞ്ഞ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് രണ്ടായിരം ദിര്‍ഹം വരെ പിഴ ശിക്ഷയും ഡ്രൈവിങ് ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. ഒപ്പം അഭ്യാസ പ്രകടനത്തിന് ഉപയോഗിച്ച വാഹനം 60 ദിവസത്തേക്ക് പൊലീസ് പിടിച്ചെടുക്കും. സ്വന്തം സുരക്ഷയും റോഡിലെ മറ്റുള്ളവരുടെ സുരക്ഷയും കണക്കിലെടുത്ത് വാഹനം ഓടിക്കുന്നവര്‍ അതീവ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തണമെന്നും മേജര്‍ ജനറല്‍ അലി അബ്‍ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. ഗതാഗത നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ 999 എന്ന നമ്പറിലോ 901 എന്ന നമ്പറിലോ വിവരമറിയിക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
