റാസല്‍ഖൈമ: പൊതുസ്ഥലത്ത് യുവതിയെ തടഞ്ഞുനിര്‍ത്തി ശല്യം ചെയ്‍ത മൂന്ന് യുവാക്കള്‍ക്ക് 15,000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചു. റാസല്‍ഖൈമ കോടതിയാണ് പ്രതികളില്‍ ഓരോരുത്തരും 5000 ദിര്‍ഹം വീതം പിഴയടയ്‍ക്കണമെന്ന് ഉത്തരവിട്ടത്. പൊതുനിരത്തില്‍ തന്നെ തടഞ്ഞുനിര്‍ത്തി അസഭ്യം പറഞ്ഞുവെന്ന് കാണിച്ച് അറബ് യുവതിയാണ് റാസല്‍ഖൈമ പൊലീസില്‍ പരാതി നല്‍കിയത്.

പ്രതികളിലൊരാള്‍ തന്റെ വാഹനത്തില്‍ നിന്ന് വിന്‍ഡോയിലൂടെ തല പുറത്തിട്ട് തന്നെ നോക്കി മോശം പദപ്രയോഗങ്ങള്‍ നടത്തിയെന്നും പരാതിയില്‍ പറയുന്നു. മൂന്ന് പേരെയും പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്‍ത ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. തനിക്കുണ്ടായ മാനനഷ്‍ടത്തിന് 50,000 ദിര്‍ഹം നഷ്‍ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് യുവതി വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്.