Asianet News MalayalamAsianet News Malayalam

യുഎഇ പൗരന്റെ പാസ്‍പോര്‍ട്ടിനൊപ്പം കൂടുതല്‍ തുകയും തുഷാര്‍ കെട്ടിവെയ്ക്കേണ്ടിവരും; ഇത്തവണ എംഎ യൂസഫലി സഹായിക്കില്ല

ആള്‍ ജാമ്യത്തിനൊപ്പം യാത്രാ വിലക്ക് നീക്കാന്‍ കൂടുതല്‍ ജാമ്യത്തുകയും കോടതിയില്‍ കെട്ടിവെയ്‌ക്കേണ്ടി വരും. നേരത്തെ തുഷാറിന് ജാമ്യം ലഭിക്കുന്നതിനാവശ്യമായ പണം കോടതിയില്‍ കെട്ടിവച്ച വ്യവസായി എം.എ യൂസഫലി ഇത്തവണ സഹായിക്കില്ല. 

thushar vellappally attempts to lift travel ban
Author
Dubai - United Arab Emirates, First Published Aug 27, 2019, 1:33 PM IST

ദുബായ്: ചെക്ക് കേസില്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ വഴിമുട്ടിയതോടെ തുഷാര്‍ വെള്ളാപള്ളി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമം തുടങ്ങി. യുഎഇ പൗരന്റെ പാസ്‍പോര്‍ട്ട്  കോടതിയില്‍ സമര്‍പ്പിച്ച് ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടാനാണ് തുഷാറിന്റെ ശ്രമം. ഇതിനായി തുഷാര്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. 

ഒത്തുതീര്‍പ്പിനായി തുഷാര്‍ വാഗ്ദാനം ചെയ്ത തുക അപര്യാപാതമാണന്ന് പരാതിക്കാരനായ നാസില്‍ അബ്‍ദുല്ല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാമെന്ന തുഷാറിന്‍റെ ശ്രമം വൈകുന്ന സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം തുടങ്ങിയത്. യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവച്ച്  തന്റെ ജാമ്യ വ്യസ്ഥയില്‍ ഇളവുവാങ്ങി കേരളത്തിലേക്ക് മടങ്ങാനാണ് ഇപ്പോഴത്തെ ശ്രമം. ഇതിനായി കേസിന്റെ തുടര്‍ നടത്തിപ്പുകള്‍ക്ക് സുഹൃത്തായ യുഎഇ പൗരന്റെ പേരില്‍ തുഷാര്‍  പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിക്കഴിഞ്ഞു. ഇതും ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. സ്വദേശിയുടെ പാസ്‍പോര്‍ട്ട് സമര്‍പ്പിച്ചാല്‍, ഇപ്പോള്‍ കോടതി പിടിച്ചുവെച്ചിരിക്കുന്ന തുഷാറിന്റെ പാസ്‍പോര്‍ട്ട് കോടതി വിട്ടുകൊടുക്കും.

ആള്‍ ജാമ്യത്തിനൊപ്പം യാത്രാ വിലക്ക് നീക്കാന്‍ കൂടുതല്‍ ജാമ്യത്തുകയും കോടതിയില്‍ കെട്ടിവെയ്‌ക്കേണ്ടി വരും. നേരത്തെ തുഷാറിന് ജാമ്യം ലഭിക്കുന്നതിനാവശ്യമായ പണം കോടതിയില്‍ കെട്ടിവച്ച വ്യവസായി എം.എ യൂസഫലി ഇത്തവണ സഹായിക്കില്ല. വിചാരണ തീരുന്നതുവരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്തു കേസ് ഒത്തു തീര്‍പ്പാകുന്നതുവരെയോ യുഎഇ വിട്ടുപോകരുതെന്ന വ്യസ്ഥയിലാണ് അജ്‌മാന്‍ കോടതി കഴിഞ്ഞ വ്യാഴാ‍ഴ്‍ച തുഷാറിന് ജാമ്യം അനുവദിച്ചത്. പാസ്‍പോര്‍ട്ട് കോടതി വാങ്ങിവെയ്ക്കുകയും യാത്രാവിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. 
ഒത്തുതീര്‍പ്പിനായി തുഷാര്‍ വെള്ളാപള്ളി മുന്നോട്ടുവെച്ച തുക അംഗീകരിക്കാന്‍ പാരതിക്കാരനായ നാസില്‍ അബ്ദുള്ള തയ്യാറാവാത്തതാണ് അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വൈകാന്‍ കാരണം. തന്റെ ചെക്ക് മോഷ്ടിച്ചതാണെന്ന നിലപാടാണ് കഴിഞ്ഞ ദിവസം കോടതിയിലും സ്വീകരിച്ചത്. എന്നാല്‍ അന്ന് പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടെന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് മറുപടിയുണ്ടായിരുന്നില്ല. ഇതോടെ ഈ വാദം നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂട്ടര്‍ നിലപാടെടുക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios