റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ മൃഗശാലയിൽ കടുവക്കൂട്ടിൽ കടന്ന സുഡാനി യുവാവ് പെൺകടുവയുടെ ആക്രമണത്തിന് ഇരയായി. മലസിലെ റിയാദ് സൂവിൽ കഴിഞ്ഞദിവസമാണ് സംഭവം. മൃഗശാല കാണാനെത്തിയ ഇരുപത്തിനാലുകാരൻ കടുവകളെ പാർപ്പിച്ചിരിക്കുന്ന കൂട്ടിലേക്ക് അനധികൃതമായി പ്രവേശിക്കുകയായിരുന്നു.

കൂടിന് ചുറ്റുമുള്ള വേലയുടെ അറ്റകുറ്റപ്പണി നടക്കുന്ന സമയമായിരുന്നു. സുരക്ഷാജീവനക്കാർ അതിന്‍റെ ശ്രദ്ധയിലായിരുന്നു. ഇതിനിടെ യുവാവ് കൂട്ടിലെ കിടങ്ങിലേക്ക് നൂഴ്ന്ന് കടന്നിറങ്ങുകയായിരുന്നു. ഇയാൾ അകത്ത് കടന്നതും ഓടിയെത്തിയ പെൺകടുവ പിടികൂടി കൂട്ടിനകത്തേക്ക് വലിച്ചിഴച്ചു. 

യുവാവിന് ഗുരുതര പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ സുരക്ഷാ വിഭാഗവും വെറ്ററിനറി ഡോക്ടർമാരും ചേർന്ന് മയക്കുവെടി വെച്ച് കടുവയെ വീഴ്ത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. റിയാദ് ശുമൈസിയിലെ കിങ് സൗദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലുള്ള യുവാവ് അപകടനില തരണം ചെയ്തു. 

മൃഗങ്ങളെ പരിശീലിപ്പിച്ച് ശീലമുള്ള യുവാവ് കൗതുകത്തിന് കൂട്ടിൽ കടന്നതാണെന്നാണ് വിവരം. കടുവ യുവാവിനെ പിടികൂടുന്നതിന്‍റെയും സുരക്ഷാസംഘമെത്തി കടുവയെ മയക്കുവെടി വെയ്ക്കുന്നതിന്‍റേയും വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.