Asianet News MalayalamAsianet News Malayalam

യുഎഇയിലെ പര്‍വത പ്രദേശത്ത് കാണാതായ ഇന്ത്യന്‍ ബാലനെ കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍

12 മണിക്കൂറിന് ശേഷം ഹസ്സ ഫസാ അഡ്വഞ്ചര്‍ സംഘത്തിലുള്‍പ്പെട്ട ഒരാള്‍ ശനിയാഴ്ച രാവിലെ ആറ് മണിയോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിലായിരുന്ന കുട്ടിയുടെ ശരീരത്തില്‍ കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല.

toddler lost in the mountains of Ras Al Khaimah rescued after 12 hour long search
Author
Ras Al-Khaimah - Ras al Khaimah - United Arab Emirates, First Published May 23, 2021, 2:37 PM IST

റാസല്‍ഖൈമ: റാസല്‍ഖൈമ പര്‍വത പ്രദേശത്ത് വെള്ളിയാഴ്ച വൈകുന്നേരം കാണാതായ ഇന്ത്യന്‍ ബാലനെ കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍. റാസല്‍ഖൈമയിലെ യാനിസ് പര്‍വത നിരയിലാണ് മൂന്ന് വയസുകാരനായ കുട്ടിയെ കാണാതായത്. കുട്ടിയുടെ സുരക്ഷയില്‍ മാതാപിതാക്കള്‍ ആശങ്കപ്പെട്ടിരിക്കുന്നതിനിടെയായിരുന്നു ശനിയാഴ്ച രാവിലെ ആശ്വാസ വാര്‍ത്തയെത്തിയത്.

റാസല്‍ഖൈമ പൊലീസും സിവില്‍ ഡിഫന്‍സും അടക്കം നിരവധി സര്‍ക്കാര്‍ വിഭാഗങ്ങളും സന്നദ്ധ സംഘങ്ങളും ഉള്‍പ്പെടുന്ന സംഘമാണ് തെരച്ചില്‍ നടത്തിയത്. വെള്ളിയാഴ്ച സൂര്യാസ്തമയത്തോടടുത്ത സമയത്താണ് കുട്ടിയെ കാണാനില്ലെന്ന വിവരം റാസല്‍ഖൈമ പൊലീസിന്റെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. ഫാമിലി ട്രിപ്പിനായി സ്ഥലത്തെത്തിയ കുടുംബാഗംങ്ങള്‍ക്കിടയില്‍ നിന്ന് കുട്ടിയെ കാണാതാവുകയായിരുന്നുവെന്നാണ് രക്ഷിതാക്കള്‍ അറിയിച്ചത്.

വിവരം ലഭിച്ചയുടന്‍ സ്ഥലത്തേക്ക് കുതിച്ച പൊലീസ് സംഘം, പ്രത്യേക തെരച്ചില്‍ സംഘത്തിന് രൂപം നല്‍കി. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം, റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ്, റസ്‌ക്യൂ ആന്റ് നാഷണല്‍ ആംബുലന്‍സ്, പൊലീസ് കെ-9 യൂണിറ്റ്, അല്‍ ദഖ്ദത പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യലൈസ്ഡ് പൊലീസ് പട്രോള്‍ സംഘങ്ങള്‍, പ്രദേശവാസികള്‍, ഹസ്സ ഫസാ അഡ്വഞ്ചര്‍ ടീം എന്നിവയ്ക്ക് പുറമെ നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്‌ക്യൂ സെന്ററിന്റെ ഹെലികോപ്റ്ററും തെരച്ചിലിനുണ്ടായിരുന്നു. പര്‍വത പ്രദേശത്തെ ദുര്‍ഘട സാഹചര്യങ്ങളും ഇരുട്ടും വകവെയ്ക്കാതെയായിരുന്നു തെരച്ചില്‍ പുരോഗമിച്ചത്.

12 മണിക്കൂറിന് ശേഷം ഹസ്സ ഫസാ അഡ്വഞ്ചര്‍ സംഘത്തിലുള്‍പ്പെട്ട ഒരാള്‍ ശനിയാഴ്ച രാവിലെ ആറ് മണിയോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിലായിരുന്ന കുട്ടിയുടെ ശരീരത്തില്‍ കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. കുട്ടിയെ പിന്നീട് മാതാപിതാക്കള്‍ക്ക് കൈമാറി. പര്‍വത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും കുട്ടികളുടെ കാര്യം ശ്രദ്ധിക്കണമെന്നും റാസല്‍ഖൈമ പൊലീസ് അറിയിച്ചു. തെരച്ചിലില്‍ പങ്കാളികളായ എല്ലാവര്‍ക്കും പൊലീസ് പ്രത്യേക നന്ദിയും അറിയിച്ചു.

Follow Us:
Download App:
  • android
  • ios