അബുദാബി: ദുബായിക്ക് സമാനമായി അബുദാബിയിലും പ്രധാന റോഡുകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രാന്‍സ്‍പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 15 മുതല്‍ അബുദാബിയില്‍ പ്രവേശിക്കുകയും പുറത്തുപോവുകും ചെയ്യുന്ന വാഹനങ്ങള്‍ ടോള്‍ നല്‍കേണ്ടിവരും.

അബുദാബിയില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ടാണ് വ്യാഴാഴ്ച ഔദ്യോഗിക അറിയിപ്പുണ്ടായത്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച്, പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനും കാര്‍ പൂളിങ് പോലുള്ള സംവിധാനങ്ങള്‍ വ്യാപകമാക്കാനും ലക്ഷ്യമിട്ടാണ് ടോള്‍ ഗേറ്റുകള്‍ തുറക്കുന്നതെന്നാണ് ഗതാഗത വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം.

ടോള്‍ ഗേറ്റുകള്‍ ഇവിടെ
ഒക്ടോബര്‍ മുതല്‍ നാലിടങ്ങളിലായിരിക്കും ടോള്‍ ഗേറ്റുകള്‍ തുറക്കുന്നത്. അല്‍ മഖ്ത പാലം, മുസഫ പാലം, ശൈഖ് സായിദ് പാലം, ശൈഖ് ഖലീഫ പാലം എന്നിവിടങ്ങളിലായിരിക്കും ഇവ.

ടോള്‍ നല്‍കേണ്ടത് എത്ര?
രാവിലെ ഏഴ് മണി മുതല്‍ ഒന്‍പത് മണി വരെയും വൈകുന്നേരം അഞ്ച് മണി മുതല്‍ ഏഴ് മണി വരെയുമുള്ള തിരക്കേറിയ സമയങ്ങളില്‍ നാല് ദിര്‍ഹമാണ് ടോള്‍. മറ്റ് സമയങ്ങളില്‍ രണ്ട് ദിര്‍ഹവും. വെള്ളിയാഴ്ചയും പൊതുഅവധി ദിനങ്ങളിലും മുഴുവന്‍ സമയവും രണ്ട് ദിര്‍ഹം നല്‍കിയാല്‍ മതിയാവും. എല്ലാ ദിവസവും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ടോള്‍ ഗേറ്റുകള്‍ ഒരു വാഹനത്തില്‍ നിന്ന് പ്രതിദിനം 16 ദിര്‍ഹം വരെ ഈടാക്കും.

വാഹനങ്ങള്‍ തിരിച്ചറിയുന്നത്
ദുബായിലെ സാലിക് ടോള്‍ ഗേറ്റുകളില്‍ നിന്ന് വ്യത്യസ്ഥമായി നമ്പര്‍ പ്ലേറ്റ് വഴിയാവും വാഹനങ്ങളെ തിരിച്ചറിയുന്നത്. ഇതിനായി മുന്‍ഗ്ലാസുകളില്‍ പ്രത്യേക ടാഗുകള്‍ ആവശ്യമില്ലെന്നര്‍ത്ഥം. 

പണം നല്‍കേണ്ടത്
എമിറേറ്റില്‍ പലയിടങ്ങളിലായുള്ള ഇ-പേയ്‍മെന്റ് മെഷീനുകള്‍ വഴി ടോളുകള്‍ക്കുള്ള പണമടയ്ക്കാം. ഇന്റഗ്രേറ്റഡ് ഇലക്ട്രോണിക് പേയ്മെന്റ് വാലറ്റ് എന്ന പേരിലുള്ള പ്രീപെയ്‍ഡ് അക്കൗണ്ടില്‍ നിന്ന് ഓരോ തവണയും പണം ഈടാക്കപ്പെടും. ഇതിനായി വാഹനമുടമകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പ്രത്യേക ടോള്‍ അക്കൗണ്ടുകള്‍ തുറക്കണം. അബുദാബിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനങ്ങള്‍ക്ക് ടോള്‍ അക്കൗണ്ടുകള്‍ ഓട്ടോമാറ്റിക് ആയി സജ്ജീകരിക്കപ്പെടും. ഇതിന്റെ യൂസര്‍നെയിമും പാസ്‍വേഡും അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് വാഹന ഉടമകള്‍ക്ക് ലഭിക്കും. വേണമെങ്കില്‍ ഒരേ അക്കൗണ്ടിലേക്ക് ഒന്നിലധികം വാഹനങ്ങളെ കൂട്ടിച്ചേര്‍ക്കാനാവും.

അബുദാബിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ടോള്‍ ഗേറ്റുകളിലൂടെ കടന്നുപോകുന്നതിന് മുന്‍പ് ടോള്‍ അക്കൗണ്ടുകള്‍ തുറക്കേണ്ടതുണ്ട്.

രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍?
ടോള്‍ അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ക്ക് ടോള്‍ ഗേറ്റുകളിലൂടെ കടന്നുപോയ ശേഷം 10 ദിവസത്തെ സമയം അനുവദിക്കും. ഇതിനോടകം അക്കൗണ്ട് സൃഷ്ടിച്ച് പണം നല്‍കണം. ഇല്ലെങ്കില്‍ പിഴ നല്‍കേണ്ടിവരും

പിഴ
ടോള്‍ ഗേറ്റുകള്‍ കടന്നുപോകുമ്പോള്‍ അക്കൗണ്ടുകളില്‍ മതിയായ പണമുണ്ടായിരിക്കണം. അക്കൗണ്ടില്‍ പണമില്ലാതെ കടന്നുപോകുന്നത് അബുദാബിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണെങ്കില്‍ വാഹനവുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി പിന്നീട് അധികൃതരെ സമീപിക്കുമ്പോള്‍ പണം നല്‍കാം. അബുദാബിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണെങ്കില്‍ അഞ്ച് ദിവസത്തിനകം അക്കൗണ്ടില്‍ പണം നിക്ഷേപിക്കണം. അല്ലെങ്കില്‍ പിഴ ഈടാക്കും.

ടോള്‍ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ ടോള്‍ ഗേറ്റിലൂടെ കടന്നുപോയി 10 ദിവസം കഴിഞ്ഞിട്ടും രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ആദ്യ ദിവസം 100 ദിര്‍ഹം ഈടാക്കും. രണ്ടാം ദിവസം 200 ദിര്‍ഹവും മൂന്നാം ദിവസവും 400 ദിര്‍ഹവുമായിരിക്കും പിഴ. ഇങ്ങനെ പരമാവധി 10,000 ദിര്‍ഹം വരെ ഈടാക്കും. 

അബുദാബിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ അക്കൗണ്ടില്‍ മതിയായ ബാലന്‍സില്ലാതെ ടോള്‍ ഗേറ്റ് കടന്നുപോയ ശേഷം അഞ്ച് ദിവസത്തിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ ഓരോ ദിവസവും 50 ദിര്‍ഹം വീതം പിഴ ഈടാക്കേണ്ടിവരും.

ടോള്‍ വെട്ടിക്കാന്‍ ലക്ഷ്യമിട്ട് നമ്പര്‍ പ്ലേറ്റുകളില്‍ കൃത്രിമം കാണിച്ചാല്‍ 10,000 ദിര്‍ഹമാണ് പിഴ. ടോള്‍ ഗേറ്റുകള്‍ക്കോ ഇ-പേയ്മെന്റ് മെഷീനുകള്‍ക്കോ തകരാറുകളുണ്ടാക്കിയാല്‍ 10,000 ദിര്‍ഹം പിഴ ഈടാക്കും.

ഇളവുകള്‍
ആംബുലന്‍സുകള്‍, സായുധ സേനകളുടെ വാഹനങ്ങള്‍, സിവില്‍ ഡിഫന്‍സ്, പബ്ലിക് ബസുകള്‍, അബുദാബി ലൈസന്‍സുള്ള ടാക്സി വാഹനങ്ങള്‍, സ്കൂള്‍ ബസുകള്‍, പൊലീസ്-ആഭ്യന്തര മന്ത്രാലയം എന്നിവയുടെ വാഹനങ്ങള്‍, ട്രെയിലറുകള്‍, മോട്ടോര്‍സൈക്കിളുകള്‍ എന്നിവയ്ക്ക് ഇളവുണ്ടാകും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ടോള്‍ ഇളവ് ലഭിക്കും.