Asianet News MalayalamAsianet News Malayalam

ടൂടോക്ക് പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി; ഏറ്റെടുത്ത് പ്രവാസികള്‍

ചാരപ്രവൃത്തി ആരോപിച്ച് പ്ലേ സ്റ്റോറില്‍ നിന്നും ആപ് സ്റ്റോറില്‍ നിന്നും ടൂടോക്ക് നീക്കിയതിന് പിന്നാലെ ഇന്‍സ്റ്റാള്‍ പകരം സംവിധാനവുമായി കമ്പനി രംഗത്തെത്തിയിരുന്നു. വിവിധ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുടെ സ്റ്റോറുകളില്‍ നിന്നും തങ്ങളുടെ വെബ്‍സൈറ്റില്‍ നിന്ന് നേരിട്ടും ടൂടോക്ക് ഡൗണ്‍ലോഡ് ചെയ്യാമെന്നായിരുന്നു കമ്പനിയുടെ അറിയിപ്പ്. 

totok became available in google play store again
Author
Dubai - United Arab Emirates, First Published Jan 7, 2020, 8:55 PM IST

ദുബായ്: കുറഞ്ഞകാലം കൊണ്ട് പ്രവാസികള്‍ക്ക് പ്രിയങ്കരമായി മാറിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ടൂടോക്ക് പ്ലേ സ്റ്റോറില്‍ തിരിച്ചെത്തി. ചാര പ്രവര്‍ത്തനം നടത്തുന്നുവെന്ന ആക്ഷേപമുയര്‍ത്തി രണ്ടാഴ്ച മുമ്പാണ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും ടൂടോക്കിനെ നീക്കം ചെയ്തത്. എന്നാല്‍ നേരത്തെ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ഉപയോഗിക്കാന്‍ തടസമുണ്ടായിരുന്നില്ല.

മാസ വാടകയോ മറ്റ് പണച്ചിലവുകളോ ഇല്ലാതെ നാട്ടിലുള്ള ബന്ധുക്കളെ കണ്ട് സംസാരിക്കാന്‍ കഴിഞ്ഞിരുന്ന ടൂടോക്ക്, പ്രവാസികള്‍ക്ക് ആശ്വാസമായിരുന്നു. ഫേസ്‍ബുക്ക് മെസഞ്ചറും വാട്‍സ്ആപും സ്കൈപ്പും അടക്കമുള്ളവയിലെ വോയിസ് വീഡിയോ കോളുകള്‍ നിയന്ത്രണമുള്ളതിനാല്‍ 50 ദിര്‍ഹത്തോളം മാസം നല്‍കിയായിരുന്നു മറ്റ് ആപുകള്‍ യുഎഇയിലെ പ്രവാസികള്‍ നേരത്തെ ഉപയോഗിച്ചുകൊണ്ടിരുന്നത്. ഇതിനിടെയാണ് മികച്ച ഗുണനിലവാരത്തോടെയുള്ള വോയിസ്, വീഡിയോ കോളുകള്‍ ടൂടോക്ക് വഴി സൗജന്യമായി ലഭ്യമായിത്തുടങ്ങിയത്.

ചാരപ്രവൃത്തി ആരോപിച്ച് പ്ലേ സ്റ്റോറില്‍ നിന്നും ആപ് സ്റ്റോറില്‍ നിന്നും ടൂടോക്ക് നീക്കിയതിന് പിന്നാലെ ഇന്‍സ്റ്റാള്‍ പകരം സംവിധാനവുമായി കമ്പനി രംഗത്തെത്തിയിരുന്നു. വിവിധ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുടെ സ്റ്റോറുകളില്‍ നിന്നും തങ്ങളുടെ വെബ്‍സൈറ്റില്‍ നിന്ന് നേരിട്ടും ടൂടോക്ക് ഡൗണ്‍ലോഡ് ചെയ്യാമെന്നായിരുന്നു കമ്പനിയുടെ അറിയിപ്പ്. രണ്ടാഴ്ചയ്ക്ക് ശേഷം കഴിഞ്ഞദിവസം മുതല്‍ പ്ലേ സ്റ്റോറില്‍ ടൂടോക്ക് ലഭ്യമാകുന്നുണ്ട്. എന്നാല്‍ ആപ്പിള്‍ ആപ് സ്റ്റോറില്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ എല്ലാ പരിശോധനകളും അനുമതിയും പൂര്‍ത്തിയാക്കിയാണ് ടൂടോക്ക് ലഭ്യമാക്കിത്തുടങ്ങിയതെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. ഏറ്റവും സുരക്ഷിതമായാണ് ടൂടോക്ക് അപ് ഉപഭോക്താക്കളുടെ ഡേറ്റ കൈകാര്യം ചെയ്യുന്നതെന്ന് അറിയിച്ച നിര്‍മാതാക്കള്‍ ഗൂഗിളിന്റെയും ആപ്പിളിന്റെയും ഉദ്യോഗസ്ഥരെ തങ്ങളുടെ ഓഫീസ് സന്ദര്‍ശിക്കാനും ക്ഷണിച്ചു.

അന്താരാഷ്ട്ര, പ്രാദേശിക നിയമങ്ങള്‍ പാലിച്ചാണ് ടൂടോക്ക് പ്രവര്‍ത്തിക്കുന്നതെന്ന് യുഎഇ ടെലികോം റെഗുലേറ്ററി അതോരിറ്റിയും അറിയിച്ചു. ഇതിന് ശേഷമാണ് ടൂടോക്ക് വീണ്ടും പ്ലേ സ്റ്റോറിലെത്തിയത്. മികച്ച വോയിസ്, വീഡിയോ ക്ലാരിറ്റിയോടെയുള്ള കോള്‍ സംവിധാനങ്ങള്‍ വളരെ വേഗത്തിലാണ് ടോടോക്കിനെ പ്രവാസികള്‍ക്ക് പ്രിയങ്കരമാക്കിയത്. പ്രത്യേക ഇന്റര്‍നെറ്റ് പാക്കേജോ, വി.പി.എന്‍ പോലുള്ള സംവിധാനങ്ങളോ ഇല്ലാതെയും പണമടയ്ക്കാതെയും വീഡിയോ കോള്‍ ചെയ്യാനാവുമെന്നതാണ് ടൂടോക്കിന്റെ സവിശേഷത. മെസേജ് ചെയ്യാനും 20 പേര്‍ വരെ ഉള്‍ക്കൊള്ളുന്ന കോണ്‍ഫറന്‍സ് കോളുകള്‍ക്കും ഇതില്‍ സൗകര്യമുണ്ട്. 

Follow Us:
Download App:
  • android
  • ios