അബുദാബി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയുടെ രണ്ടാമൂഴം ആഘോഷമാക്കി അബുദാബിയും. നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോൾ യുഎഇ തലസ്ഥാനമായ അബൂദാബിയിലെ കൂറ്റന്‍ ടവറില്‍ മോദിയുടെ ചിത്രം തെളിഞ്ഞു. അഡ്‌നോക് ടവറിലാണ് മോദിയുടെയും അബൂദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്റെയും സൗഹൃദം കൂടി സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ മിന്നിതെളിഞ്ഞത്.

ഇത് യഥാര്‍ഥ സൗഹൃദമാണെന്നും ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നാണ് കരുതുന്നതെന്നും യുഎയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സുരി ട്വിറ്ററില്‍ കുറിച്ചു. വരും വര്‍ഷങ്ങളില്‍ ഇന്ത്യയും യുഎഇയും തമ്മിൽ കൂടുതല്‍ സഹകരണമുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 

2015ൽ മോദി യുഎഇ സന്ദർശിച്ചപ്പോൾ ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം പുതിയ ദിശയിലേയ്ക്ക് വഴിമാറിയെന്നും നവദീപ് സിങ് സുരി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ സുവർണ കാലഘട്ടമാകും ഇനി വരാനിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച വൈകിട്ടാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രിയടക്കം 58 പേരാണ് മന്ത്രിസഭയില്‍ ഉള്ളത്. ഇതില്‍ 25 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് റാങ്ക് പദവിയുണ്ട്. 33 പേര്‍ സഹമന്ത്രിമാരാണ്. ഇവരില്‍ ഒന്‍പത് പേര്‍ക്ക് സ്വതന്ത്രചുമതലയുള്ള സഹമന്ത്രി പദവിയാണ് ലഭിച്ചിരിക്കുന്നത്.