റിയാദ്: സൗദി അറേബ്യയിൽ നടക്കുന്ന ദാക്കർ റാലിക്കിടെ പോർച്ചുഗീസ് ബൈക്ക് റൈഡർ താരം കൊല്ലപ്പെട്ടു. ജനുവരി അഞ്ചിന് ജിദ്ദയില്‍ നിന്നും റിയാദിലേക്ക് ഏഴായിരം കിലോമീറ്റര്‍ ദൂരത്തിൽ ആരംഭിച്ച ദാക്കര്‍ റാലിക്കിടെയാണ് ഇന്ത്യന്‍ കമ്പനി ഹീറോ സ്പോണ്‍സര്‍ ചെയ്യുന്ന പോളോ കോണ്‍ക്ലേവ്സ് മരണപ്പെട്ടത്. 

റിയാദില്‍ നിന്നും നാനൂറ് കിലോമീറ്റർ അകലെ വാദി അല്‍ദവാസിറിലേക്കുള്ള ട്രാക്കിൽ ഞായറാഴ്ച രാവിലെയയിരുന്നു അപകടം. ബൈക്കിൽ നിന്ന് തെറിച്ചുവീണ പോളോ കോണ്‍ക്ലേവ്സിന്റെ ബോധം മറയുകയും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിക്കുകയുമായിരുന്നു. 

വെള്ളിയാഴ്ച ആറാം ഘട്ടം പൂർത്തിയാക്കി ഞായറാഴ്ച ഏഴാം ഘട്ട മത്സരം തുടങ്ങി 276 കിലോമീറ്റർ പിന്നിട്ടേമ്പാഴാണ് സംഭവമുണ്ടായത്. ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. നാല് വർഷം മുമ്പ് ഇതേപോലൊരു അപകടത്തിൽ പരിക്കേറ്റ ശേഷം  കോണ്‍ക്ലേവ്സ് ഈ വർഷമാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ദാക്കർ റാലിയില്‍ 13ാം തവണയാണ് കോൺക്ലേവ്സ് പങ്കെടുക്കുന്നത്.