ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ ഏതാനും മണിക്കൂറുകള്‍ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്താവളത്തിലെ ഒരു റണ്‍വേ അറ്റകുറ്റപ്പണികള്‍ക്കായി നേരത്തെ തന്നെ അടച്ചിട്ടിരിക്കുകയാണ്. ഇതിന് പുറമെയാണ് അവശേഷിക്കുന്ന റണ്‍വേയും അറ്റകുറ്റപ്പണികളുടെ ഭാഗമായി ഏതാനും മണിക്കൂറുകള്‍ അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

മേയ് 24 വെള്ളിയാഴ്ച വൈകുന്നേരം യുഎഇ സമയം അഞ്ച് മണി മുതല്‍ ഏഴ് മണി വരെയും 26 ഞായറാഴ്ച വൈകുന്നേരം നാല് മണി മുതല്‍ ഏഴ് മണി വരെയും 27 തിങ്കളാഴ്ച വൈകുന്നേരം അ‌ഞ്ച് മണി വരെയുമായിരിക്കും റണ്‍വേ അടച്ചിടുന്നത്. വിമാന കമ്പനികളുമായും മറ്റ് ഏജന്‍സികളുമായും ആശയവിനിമയം നടത്തി പരമാവധി തിരക്ക് കുറഞ്ഞ സമയത്താണ് റണ്‍വേ അടയ്ക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് തന്നെ വിമാനങ്ങളുടെ സമയം പരിശോധിച്ച് ഉറപ്പുവരുത്തണം.