ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന തരത്തിലായിരിക്കും പരിഗണന. ബുധനാഴ്‍ച വൈകുന്നേരം 5 മണി (ഗ്ലോബല്‍ ടൈം) വരെ അപേക്ഷിക്കാനാവും. ദുബൈയിലേക്കുള്ള വിമാന ടിക്കറ്റുള്‍പ്പെടെയുള്ള യാത്രാ ചെലവും ആര്‍ടി പിസിആര്‍ പരിശോധന, റാപ്പിഡ് പരിശോധന എന്നിങ്ങനെയുള്ള മറ്റ് ചെലവുകളെല്ലാം യാത്ര ചെയ്യുന്നവര്‍ തന്നെ വഹിക്കണം.

ദുബൈ: മമ്മൂട്ടിയുടെ എഴുപതാം പിറന്നാള്‍ വ്യത്യസ്ഥമായൊരു രീതിയില്‍ ആഘോഷിക്കുകയാണ് ദുബൈയിലെ ഒരു ട്രാവല്‍ ഏജന്‍സി. ദുബൈയിലെ സ്‍മാര്‍ട്ട് ട്രാവല്‍സ് എല്‍എല്‍സിയാണ് മമ്മൂട്ടിയുടെ പിറന്നാള്‍ സന്തോഷങ്ങളുടെ ഭാഗമായി ഏഴുപത് ആരാധകര്‍ക്ക് സൗജന്യമായി ദുബൈയിലേക്കുള്ള സന്ദര്‍ശക വിസകള്‍ നല്‍കുന്നത്. ഈ വര്‍ഷം എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്നവര്‍ക്കാണ് ഇതിന് അര്‍ഹത.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു മാസത്തെ താമസത്തിനുള്ള വിസയും ട്രാവല്‍ ഇന്‍ഷുറന്‍സുമാണ് നല്‍കുന്നതെന്ന് മമ്മൂട്ടിയുടെ വലിയ ആരാധകന്‍ കൂടിയായ സ്‍മാര്‍ട്ട് ട്രാവല്‍സ് മാനേജിങ് ഡയറക്ടര്‍ അഫി അഹ്‍മദ് പറഞ്ഞു. പാസ്‍പോര്‍ട്ടില്‍ രേഖപ്പെടുത്തിയ ജനന തീയ്യതി പ്രകാരം ഈ വര്‍ഷം എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്നവ മലയാളികള്‍ക്കാണ് ഇതിന് അവസരം. 320 ദിര്‍ഹം വിലയുള്ള വിസയും ഇന്‍ഷുറന്‍സുമാണ് സൗജന്യമായി നല്‍കുന്നതെന്നും ട്രാവല്‍സ് അധികൃതര്‍ പറയുന്നു.

ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന തരത്തിലായിരിക്കും പരിഗണന. ബുധനാഴ്‍ച വൈകുന്നേരം 5 മണി (ഗ്ലോബല്‍ ടൈം) വരെ അപേക്ഷിക്കാനാവും. ദുബൈയിലേക്കുള്ള വിമാന ടിക്കറ്റുള്‍പ്പെടെയുള്ള യാത്രാ ചെലവും ആര്‍ടി പിസിആര്‍ പരിശോധന, റാപ്പിഡ് പരിശോധന എന്നിങ്ങനെയുള്ള മറ്റ് ചെലവുകളെല്ലാം യാത്ര ചെയ്യുന്നവര്‍ തന്നെ വഹിക്കണം.

യാത്രാ വിലക്ക് നീക്കിയതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് വരുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധവാണുണ്ടാകുന്നത്. കുടുംബത്തോടൊപ്പം താമസിക്കാനും ദുബൈയില്‍ നടക്കാനിരിക്കുന്ന എക്സ്പോ 2020ന് സാക്ഷികളാവാനും എത്തുന്നവരുമുണ്ട്. മമ്മൂട്ടിയെ സംബന്ധിച്ച് ദുബൈ അദ്ദേഹത്തിന്റെ രണ്ടാം വീടുപോലെയാണെന്ന് അഫി അഹ്‍മദ് പറയുന്നു. ഇന്ത്യയിലെ ജനങ്ങളില്‍ എഴുപത് കഴിഞ്ഞവര്‍ പൊതുവെ ഇനി തനിക്കൊരു യാത്ര ചെയ്യാന്‍ സാധിക്കില്ലെന്ന് ധരിക്കുന്നവരാണ്. എന്നാല്‍ അത്തരക്കാര്‍ മമ്മൂട്ടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളണമെന്നും ജീവിതം അതിന്റെ പൂര്‍ണതയിലെത്തുന്നത് വരെ ജീവിച്ചുതീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.