ദുബായ്: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ദുബായ്, അബുദാബി, ഷാര്‍ജ എമിറേറ്റുകളിലെ തൊഴിലാളികള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഈ എമിറേറ്റുകളിലെ തൊഴിലാളികളെ മറ്റ് എമിറേറ്റുകളിലേക്ക് കൊണ്ടുപോകരുതെന്ന് നഗരസഭ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. 

ബുധനാഴ്ച മുതലാണ് നിയന്ത്രണം ആരംഭിച്ചത്. ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കരാര്‍ കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ദുബായില്‍ ചില വിഭാഗം തൊഴിലാളികള്‍ക്ക് മാത്രമാണ് നിലവില്‍ പുറത്തിറങ്ങാന്‍ അനുമതിയുള്ളത്. കൊവിഡ് വ്യാപനം തടയാനും തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താനുമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ഷാര്‍ജ സാമ്പത്തിക വകുപ്പ്(എസ്ഇഡിഡി) അറിയിച്ചു.

വിലക്ക് ലംഘിക്കുന്നവര്‍ പിഴയും മറ്റ് നിയമ നടപടികളും നേരിടേണ്ടി വരും. ശുചീകരണം, ഭക്ഷണം, സ്വകാര്യ സുരക്ഷ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയതായി ചെയര്‍മാന്‍ സുല്‍ത്താന്‍ അബ്ദുല്ല ബിന്‍ ഹദ്ദ അല്‍ സുവൈദി പറഞ്ഞു. വാഹനങ്ങളില്‍ കൊണ്ടുപോകാവുന്ന തൊഴിലാളികളുടെ എണ്ണം ലൈസന്‍സില്‍ അനുവദിച്ചതിന്‍റെ നേര്‍പകുതി ആയിരിക്കണമെന്നും തൊഴിലാളികള്‍ നിര്‍ബന്ധമായും കയ്യുറകളും മാസ്‌കുകളും ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സുവൈദി വ്യക്തമാക്കി.