അബുദാബി: ഇസ്രയേലുമായുള്ള സമാധാന കരാര്‍ പലസ്‍തീന്‍ ജനതയുടെ അവകാശങ്ങള്‍ ഹനിക്കുന്നതല്ലെന്ന് യുഎഇ. പലസ്‍തീന്‍ ഭൂപ്രദേശങ്ങളെ ഇസ്രയേലിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത് നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യവും കരാറിന്റെ കരാറിന്റെ ഭാഗമായുണ്ടെന്നും ഇത് സമാധാനത്തിലേക്കുള്ള നിര്‍ണായക ചുവടുവെപ്പും നേട്ടവുമാണെന്നും യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു.

ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‍നത്തിന്റെ പരിഹാരം പലസ്‍തീനിന്റെയും ഇസ്രയേലിന്റെയും കൈകളില്‍ തന്നെയാണെന്നും അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കവെ ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. 1967 ജൂണ്‍ നാലിനുള്ള അതിര്‍ത്തികള്‍ പ്രകാരം ഈസ്റ്റ് ജറുസലേം തലസ്ഥാനമാക്കി പലസ്‍തീന്‍ രാഷ്‍ട്രം സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതാണ് യുഎഇയുടെ നിലപാടെന്നും യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുകയെന്നത് യുഎഇയുടെ പരമാധികാരത്തില്‍ നിന്നുള്ള തീരുമാനമാണ്. മറ്റാരെയും അത് ബാധിക്കുന്നതല്ല. മേഖലയില്‍ ഒരു തരത്തിലുമുള്ള ധ്രുവീകരണവും ഉണ്ടാക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. യുഎഇയും പലസ്‍തീനും തമ്മിലുള്ള സാഹോദര്യ ബന്ധം എടുത്തുപറഞ്ഞ അദ്ദേഹം, യുഎഇയില്‍ ജീവിക്കുന്ന പലസ്‍തീന്‍ ജനതയ്ക്ക് യുഎഇ ഭരണാധികാരികള്‍ എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.